പരിസ്ഥിതി അവബോധം ശക്തിപ്പെടുന്നു -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

പരിസ്ഥിതി അവബോധം ശക്തിപ്പെടുന്നു -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തൃശൂര്‍: കേരളീയരുടെ പരിസ്ഥിതി അവബോധം അടുത്തകാലത്തായി ശക്തിപ്പെട്ടുവരികയാണെന്നു സ്പീക്കര്‍ പി. ശ്രീമാകൃഷ്ണന്‍ പറഞ്ഞു. പ്രകൃതിസ്നേഹവും പരിസ്ഥിതി അവബോധവും ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണെന്ന ബോദ്ധ്യം മുമ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതിന്‍റെ തിരിച്ചുവരവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളും സ്വാഗതാര്‍ഹമാണ്. തൃശൂര്‍ സത്സംഗിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച പ്ലാവ്കൃഷി പ്രചാരകനായ പ്ലാവ് ജയനെ (കെ.ആര്‍. ജയന്‍) അനുമോദിക്കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.

സമൂഹത്തില്‍ വൈകൃതങ്ങള്‍ പെരുകുന്നുവെങ്കിലും ഓരോ മനുഷ്യന്‍റെയും ഉള്ളില്‍ നന്മയും ശുദ്ധിയുമുണ്ട്. ഉള്ളിന്‍റെ ഉള്ളിലെ നന്മകളെ ഉദ്ദീപിപ്പിക്കാനും പ്രചോദിപ്പിക്കാനുമാണു സാമൂഹ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. സഹജീവികള്‍ അപകടം പറ്റി ചോര വാര്‍ക്കുമ്പോള്‍ സെല്‍ഫിയില്‍ ലൈവെടുക്കുന്ന തലമുറ വളരാതിരിക്കട്ടെ. അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായ സ്കൂള്‍ വിദ്യാര്‍ത്ഥി കണ്ണനെപ്പോലുള്ളവരെയാണു മാതൃകയാക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.

തൃശൂര്‍ സെന്‍റ് മേരീസ് കോളജില്‍ നടന്ന ചടങ്ങില്‍ സത്സംഗ് പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍കുട്ടി അദ്ധ്യക്ഷനായി. പ്ലാവ് ജയനു സത്സംഗിന്‍റെ സ്വര്‍ണമെഡല്‍ സ്പീക്കര്‍ സമ്മാനിച്ചു. ബൈക്കപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്നയാളെ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിച്ച ആര്‍ത്താറ്റ് ഹോളിക്രോസ് ഹൈസ്കൂളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി കണ്ണനു സത്സംഗിന്‍റെ ക്യാഷ് അവാര്‍ഡ് സ്പീക്കര്‍ സമ്മാനിച്ചു. സത്സംഗ് രക്ഷാധികാരി ഫാ. ഫ്രാന്‍സി സ് ആലപ്പാട്ടിന്‍റെ "എന്‍റെ കഥകള്‍" മൂന്നാം വാല്യം സ്പീക്കര്‍ പ്രകാശനം ചെയ്തു. എസ്ഐബി ജനറല്‍ മാനേജര്‍ വി.എല്‍. പോള്‍ ഏറ്റുവാങ്ങി. സെന്‍റ് മേരീസ് പ്രിന്‍സിപ്പല്‍ സി. മാര്‍ഗരറ്റ് മേരി, പ്ലാവ് ജയന്‍, സിപിഐഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് പ്രഫ. എം. മുരളീധരന്‍, പ്രസ് ക്ലബ് പ്രസിഡന്‍റ് കെ. പ്രഭാത്, പത്രപ്രവര്‍ത്തകന്‍ അലക്സാണ്ടര്‍ സാം, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, ജോജു തേക്കാനത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org