തീവ്രദേശീയത കുടിയേറ്റക്കാരെ ബാധിക്കുന്നു: മാര്‍പാപ്പ

തീവ്രദേശീയത കുടിയേറ്റക്കാരെ ബാധിക്കുന്നു: മാര്‍പാപ്പ

പകര്‍ച്ചവ്യാധിയുടെ കാലത്ത് കൂടുതലായി വെളിപ്പെട്ട തീവ്രദേശീയതയും ശക്തമായ വ്യക്തിവാദവും ലോകമെങ്ങുമുള്ള കുടിയേറ്റക്കാരെ ഗുരുതരമായി ബാധിക്കുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കൊറോണാ വൈറസ് മനുഷ്യര്‍ക്കിടയിലെ വിഭജനങ്ങളെ കൂടുതല്‍ വെളിപ്പെടുത്തിയെന്ന് ലോക കുടിയേറ്റ-അഭയാര്‍ത്ഥി ദിനാചരണത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
നമ്മള്‍ എന്ന സങ്കല്‍പം ലോകത്തിലും സഭയ്ക്കുള്ളിലും തകര്‍ച്ച നേരിടുകയാണ് – മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഇതിന്റെ ഏറ്റവും വലിയ വില കൊടുക്കുന്നത് പരദേശികളെന്നും കുടിയേറ്റക്കാരെന്നും പാര്‍ശ്വവത്കൃതരെന്നും വിശേഷിപ്പിക്കപ്പെടുന്നവരും സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുമാണ്. സഭ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതായി മാറ്റുക. സമൂഹത്തിന്റെ അരികുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു. മുന്‍വിധിയോ ഭയമോ കൂടാതെ, ആളെ ചേര്‍ക്കാന്‍ ശ്രമിക്കാതെ, എന്നാല്‍ സ്വന്തം കൂടാരം ആര്‍ക്കും കയറിവരാന്‍ കഴിയുന്ന തരത്തില്‍ വിശാലമാക്കിക്കൊണ്ട്, മുറിവുകളുണക്കാനായി സഭ തെരുവകളിലേക്കിറങ്ങണം. സമൂഹത്തിന്റെ പാര്‍ശ്വങ്ങളില്‍ നാം നിരവധി കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും കാണും. അവരോടെല്ലാം തന്റെ സ്‌നേഹം പ്രകടിപ്പിക്കപ്പെടാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.
1914-ല്‍ പയസ് പത്താമന്‍ മാര്‍പാപ്പയാണ് കുടിയേറ്റക്കാര്‍ക്കും അഭയാര്‍ ത്ഥികള്‍ക്കും വേണ്ടിയുള്ള ആഗോളദിനാചരണം ആരംഭിച്ചത്. ഈ വര്‍ഷം സെപ്തംബര്‍ 26-നാണ് ഈ ദിനാചരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org