ഡിസംബര്‍ 8ന് കേരളത്തില്‍ കര്‍ഷക കരിദിന പ്രതിേഷധം

ഡിസംബര്‍ 8ന് കേരളത്തില്‍ കര്‍ഷക കരിദിന പ്രതിേഷധം

രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 8ലെ ഭാരതബന്ദ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കര്‍ഷക കരിദിനമായി പ്രതിഷേധിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്ന്‍ പറഞ്ഞു.

ദേശീയ കര്‍ഷകപ്രക്ഷോഭ നേതാവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറുമായ ശിവകുമാര്‍ കക്കാജി, ഡല്‍ഹിയിലുള്ള കോര്‍ഡിനേറ്റര്‍ കെ.വി. ബിജു, കേരളത്തില്‍നിന്നും കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രതിനിധികള്‍ എന്നിവരുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നടത്തിയ വെബ് കോണ്‍ഫറന്‍സിനുശേഷമാണ് ഭാരത ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കാര്‍ഷിക കരിനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ബദല്‍ നിയമത്തിനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പുത്തന്‍ കര്‍ഷകവിരുദ്ധ നിയമത്തിനുവേണ്ടി വാദിക്കുന്നവര്‍ കുത്തകവ്യവസായികളും കൃഷിചെയ്യാത്തവരുമാണ്. കേരളത്തിലെ റബര്‍ കര്‍ഷകരുടെ അവസ്ഥതന്നെ ഉദാഹരണമായിട്ടെടുത്താല്‍ റബറിന് വിപണിവില നിശ്ചയിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരോ, റബര്‍ ബോര്‍ഡോ, കര്‍ഷകരോ അല്ല, മറിച്ച് വ്യവസായികളാണ്. അതിനാലാണ് അന്താരാഷ്ട്ര വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണി തകരുന്നത്. ഈ ദുരവസ്ഥയാണ് ഇതര കാര്‍ഷികോല്പന്നങ്ങള്‍ക്കും കേരളത്തില്‍ വരുംനാളുകളില്‍ സംഭവിക്കാനിരിക്കുന്നതെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പരിസ്ഥിതിലോലം തുടങ്ങി ഭുപ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും വി.സി,സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ കര്‍ഷകസംഘടനകള്‍ ഡിസംബര്‍ 8ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കറുത്ത കൊടിയുയര്‍ത്തി പ്രതിഷേധ ഐക്യദാര്‍ഡ്യസമ്മേളനങ്ങളും പ്രകടനങ്ങളും പ്രാദേശികതലത്തില്‍ സംഘടിപ്പിച്ച് ദേശീയ കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനങ്ങള്‍ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ വി.വി.അഗസ്റ്റിന്‍, മുതലാംതോട് മണി, ഡിജോ കാപ്പന്‍, പി.റ്റി. ജോണ്‍, കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ, ഫാ.ജോസ് കാവനാടി, ജന്നറ്റ് മാത്യു, ജോസഫ് തെള്ളിയില്‍, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, മാര്‍ട്ടിന്‍ തോമസ്, ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍, ഹരിദാസ് പാലക്കാട്, ഷുക്കൂര്‍ കണാജെ, പി.ജെ.ജോണ്‍ മാസ്റ്റര്‍, ജെയിംസ് പന്ന്യമാക്കല്‍ എന്നിവരുള്‍പ്പെടെ ദേശീയ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org