Latest News
|^| Home -> Kerala -> സംസ്ഥാനത്തുടനീളം കര്‍ഷക കണ്ണീര്‍ദിന പ്രതിഷേധം

സംസ്ഥാനത്തുടനീളം കര്‍ഷക കണ്ണീര്‍ദിന പ്രതിഷേധം

Sathyadeepam

കൊച്ചി: പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷക നീതിനിഷേധത്തിനെതിരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കര്‍ഷക കണ്ണീര്‍ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്തിലും, വനപാലകരുടെ പീഢനത്തിലും, റവന്യൂ വകുപ്പിന്റെ ക്രൂരതയിലും കര്‍ഷകജീവന്‍ നഷ്ടപ്പെടുമ്പോള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന കൃഷിവകുപ്പും കര്‍ഷകരുടെ അന്തകരായി മാറി. കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങളില്‍ നിന്ന് നികുതി പിരിച്ച് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാത്രമായി ഒരു ഭരണം നാടിനാവശ്യമുണ്ടോയെന്ന് കര്‍ഷകര്‍ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് പ്രതീക്ഷയേകുന്നു. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ മറവില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ നിര്‍മ്മിച്ച് അടിച്ചേല്‍പ്പിച്ചുള്ള നീക്കം ഭാവിയില്‍ വലിയ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നും സര്‍ക്കാര്‍ പദ്ധതികള്‍ കര്‍ഷകരിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ വിവിധ കര്‍ഷക സംഘടനകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാനിച്ച് കര്‍ഷക കണ്ണീര്‍ കൂട്ടായ്മ സംഘടിപ്പിച്ചു. പതിനായിരത്തോളം കര്‍ഷകര്‍ സ്വഭവനങ്ങളില്‍ പ്രതിഷേധ ഉപവാസം നടത്തി. വിവിധ ജില്ലകളില്‍ നടന്ന ചടങ്ങുകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിനോയ് തോമസ്, മുതലാംതോട് മണി, വി.വി.അഗസ്റ്റിന്‍, ഡിജോ കാപ്പന്‍, കെ.വി.ബിജു, ജോയി കണ്ണഞ്ചിറ, അഡ്വ.ജോണ്‍ ജോസഫ്, പി.റ്റി. ജോണ്‍, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍, ഫാ.ജോസ് കാവനാടി, അഡ്വ. പി.പി ജോസഫ്, ജന്നറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, ലാലി ഇളപ്പുങ്കല്‍, ജിജി പേരകത്തുശേരി, ഔസേപ്പച്ചന്‍ ചെറുകാട്, വര്‍ഗീസ് മാത്യു നെല്ലിക്കല്‍, യു.ഫല്‍ഗുണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

*
*