സാമ്പത്തിക ക്രമക്കേടുകള്‍: കാര്‍ഡി. ബെച്യുവിനെ മാര്‍പാപ്പ പുറത്താക്കി

സാമ്പത്തിക ക്രമക്കേടുകള്‍: കാര്‍ഡി. ബെച്യുവിനെ മാര്‍പാപ്പ പുറത്താക്കി

കാര്‍ഡിനല്‍ ആഞ്‌ജെലോ ബെച്യുവിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലകളില്‍ നിന്നു നീക്കി. വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു 2018 മുതല്‍ കാര്‍ഡിനല്‍. കാര്‍ഡിനല്‍ പദവിയോടു ബന്ധപ്പെട്ട അധികാരങ്ങളും അദ്ദേഹത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനോ കാര്‍ഡിനല്‍ സംഘത്തി ന്റെ യോഗങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിനു സാധിക്കില്ല. കാര്‍ഡിനല്‍ എന്ന സ്ഥാനപ്പേര് സാങ്കേതികമായി നിലനിറുത്തുമോ എന്ന കാര്യം വ്യക്തമാക്കപ്പെട്ടിട്ടില്ല. അപ്രതീക്ഷിതമായി കാര്‍ഡിനലിനെ കൂടിക്കാഴ്ചയ്ക്കു വിളിച്ച മാര്‍പാപ്പ തനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടമായെന്നും സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു. അതേ തുടര്‍ന്നു കാര്‍ഡിനല്‍ ബെച്യു രാജി സമര്‍പ്പിച്ചു.
2018 വരെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ഉപമേധാവിയായി പ്രവര്‍ത്തിച്ചിരുന്ന കാലയളവിലെ സാമ്പത്തിക ക്രമക്കേടുകളാണ് നടപടിക്കു കാരണമായത്. ഇക്കാലത്ത് വത്തിക്കാന്റെ പണമുപയോഗിച്ചു നടത്തിയ നിക്ഷേപങ്ങളും ഭൂമിക്കച്ചവടവും സുതാര്യതയില്ലാത്തതും സഭയുടെ ധാര്‍മ്മികതയ്ക്കു നിരക്കാത്തതുമായിരുന്നു എന്നാണു മാര്‍പാപ്പ നിയോഗിച്ച അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സാമ്പത്തിക പരിഷ്‌കരണത്തിനു വേണ്ടി മാര്‍പാപ്പ സ്ഥാപിച്ച, കാര്‍ഡിനല്‍ ജോര്‍ജ് പെല്ലിന്റെ അദ്ധ്യക്ഷതയിലുള്ള കാര്യാലയത്തിന്റെ നടപടികളോടു കാര്‍ഡിനല്‍ ബെച്യു സഹകരിച്ചില്ല.
2016-ല്‍ ഒരു അന്താരാഷ്ട്ര കണ്‍സല്‍ട്ടന്‍സിയെ കൊണ്ട് ഓഡിറ്റിംഗ് നടത്താനുള്ള നീക്കം ബെച്യു തടഞ്ഞു. 2017-ല്‍ ആദ്യമായി ഒരു ഓഡിറ്ററെ വത്തിക്കാനില്‍ നിയമിച്ചെങ്കിലും ഏതാനും മാസങ്ങള്‍ക്കു ശേഷം കാര്‍ഡിനല്‍ ബെച്യു അദ്ദേഹത്തെ ജോലിയില്‍ നിന്നു പുറത്താക്കി. ഓഡിറ്റര്‍ ക്രമക്കേടുകള്‍ കണ്ടുപിടിച്ചതുകൊണ്ടാണിതെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഇതിനിടയില്‍ കാര്‍ഡിനല്‍ പെല്‍ ലൈംഗികാപവാദക്കേസില്‍ കുറ്റാരോപിതനാകുകയും നിയമനടപടികള്‍ ക്കായി വത്തിക്കാനിലെ ചുമതലയില്‍നിന്ന് അവധിയെടുത്തു ആസ്‌ത്രേലിയായിലേക്കു പോകുകയും ചെയ്തു. അദ്ദേഹം കുറ്റവിമുക്തനായി വത്തിക്കാനില്‍ മടങ്ങിയെത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പായിട്ടാണ് ബെച്യുവിനെതിരായ നടപടി. മാര്‍പാപ്പയുടെ നടപടിയെ കാര്‍ഡിനല്‍ പെല്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ സാമ്പത്തികരംഗത്തെ ശുദ്ധീകരിക്കുന്നതിനായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്തതെന്നും ഒരു ദീര്‍ഘകാല പക്രിയയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിട്ടുള്ളതെന്നും കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org