ഫാ. വടക്കന്‍; ശത്രുപാളയങ്ങളിലും സ്വീകാര്യത നേടിയ വ്യക്തിത്വം: ജോണ്‍ പോള്‍

ഫാ. വടക്കന്‍; ശത്രുപാളയങ്ങളിലും സ്വീകാര്യത നേടിയ വ്യക്തിത്വം: ജോണ്‍ പോള്‍

ഉറച്ച നിലപാടുകളുമായി സാമൂഹ്യസേവനരംഗത്തു നില്‍ക്കുമ്പോള്‍ എതിരാളികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും അവര്‍ പോലും മാനിക്കുകയും അംഗീകരിക്കുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു ഫാ. ജോസഫ് വടക്കന്‍റേതെന്നു പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പ്രസ്താവിച്ചു. വടക്കനച്ചന്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ആകാശം പോലും അതിരുകളായിരുന്നില്ല. അതിനു കാരണം, അദ്ദേഹം കണ്ട സ്വപ്നങ്ങളൊന്നും അദ്ദേഹത്തെ കുറിച്ചായിരുന്നില്ല എന്നതാണ്. മറ്റുള്ളവരെക്കുറിച്ചാണ്, തന്നേക്കാള്‍ താഴെ കിടന്നു കഷ്ടപ്പെടുന്നവരെക്കുറിച്ചാണ് അദ്ദേഹം സ്വപ്നങ്ങള്‍ കണ്ടത്. മനുഷ്യന്‍ എന്നു പൂര്‍ണമായ അര്‍ത്ഥത്തില്‍ വിളിക്കാന്‍ കഴിയുന്ന കുറച്ചു പേര്‍ മാത്രമേ കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ളൂ. അവരിലൊരാളാണ് ഫാ. വടക്കന്‍. നിരവധി പുനഃചിന്തകള്‍ക്കു സമൂഹത്തെ പ്രേരിപ്പിച്ചിട്ടുള്ളതാണ് ഫാ. വടക്കന്‍റെ പ്രവര്‍ത്തനങ്ങള്‍ – ജോണ്‍ പോള്‍ വിശദീകരിച്ചു. വടക്കനച്ചന്‍റെ ചരമവാര്‍ഷികദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വടക്കനച്ചന്‍റെ മാതൃ ഇടവകയായ തൃശൂര്‍ അതിരൂപതയിലെ തൊയക്കാവ് തിരുഹൃദയ ഇടവകയില്‍ നടന്ന അനുസ്മരണസമ്മേളനം തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അനുസ്മരണബലിയില്‍ ബിഷപ് പാംപ്ലാനി മുഖ്യകാര്‍മ്മികനായി.

മലബാറിലെ അയ്യായിരം വീടുകളിലെങ്കിലും വടക്കനച്ചന്‍റെ ചിത്രം വച്ചിട്ടുണ്ടെന്ന് ബിഷപ് പാംപ്ലാനി പറഞ്ഞു. വടക്കനച്ചനോടു മലബാറുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. കൊട്ടിയൂരില്‍ അനേകായിരം ജനങ്ങള്‍ കുടിയിറക്കു ഭീഷണി നേരിട്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിന്ന വള്ളോപ്പിള്ളിപ്പിതാവ് കണ്ട ശരണം വടക്കനച്ചനാണ്. വടക്കനച്ചനെ വരുത്തി. താന്‍ നിലകൊള്ളുന്ന മൂല്യങ്ങള്‍ക്കു വേണ്ടി ജീവിതത്തെ അപകടപ്പെടുത്താന്‍ പോലും മടിയില്ലാതിരുന്ന ആത്മാര്‍ത്ഥതയുളള പുരോഹിതനായിരുന്നു വടക്കനച്ചന്‍. മനുഷ്യന്‍ മറ്റെന്തിനേക്കാളും മൂല്യമുള്ളതാണെന്ന ക്രിസ്തുവിന്‍റെ ആദര്‍ശത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം തന്‍റെ പൗരോഹിത്യത്തെ ക്രമീകരിച്ചത് – ബിഷപ് പാംപ്ലാനി വിശദീകരിച്ചു.

സമ്മേളനത്തില്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ടി സി റാഫേല്‍, ഫാ. തോമസ് പൂപ്പാടി, സി കെ പോള്‍, ജയന്‍ വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. വടക്കന്‍റെ ജന്മശതാബ്ദി വര്‍ഷമാണിത്.

ജന്മശതാബ്ദിയാചരണത്തോടനുബന്ധിച്ച് ഈ വര്‍ഷം മലബാറിലുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org