ദൈവകരുണയും പരസ്നേഹവും കൈകോർക്കുമ്പോൾ സൗജന്യ ഡയാലിസിസ്

ദൈവകരുണയും പരസ്നേഹവും കൈകോർക്കുമ്പോൾ സൗജന്യ ഡയാലിസിസ്

ഫാദര്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ഒരു മഹാ പ്രതിസന്ധി നമുക്ക് മുന്‍പില്‍ ഫണമുയര്‍ത്തി നില്‍ക്കുമ്പോള്‍ പരിഹാരത്തിന് ബഹുമുഖ മുന്നേറ്റം ആവശ്യമായി വരും. മുഖ്യപ്രശ്നത്തിന് ഒരു മാര്‍ഗമേയുള്ളൂ എന്ന ക്ഷിപ്ര തീരുമാനം ലക്ഷ്യം കാണാന്‍ ഏറെ സമയവും പണവും ആവശ്യമാകുമ്പോള്‍ ചില ഊടുവഴികളിലൂടെ സഹകരണം പ്രശ്നപരിഹാരത്തിന് എളുപ്പം സഹായിച്ച നിരവധി ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ട്. കോവിഡ് 19 നെ നേരിടാന്‍ hydroxy chloroquine, രോഗ വിമുക്തരില്‍ നിന്നുള്ള ആന്‍റി ബോഡി ശേഖരണം, വാക്സിന്‍ ഗവേഷണം എന്നിവയെല്ലാം ഗവേഷണതലത്തില്‍ ഉടക്കി കിടക്കുന്നു. മാസവും തീയതിയും ദിവസവും മറന്നുപോകും വിധമുള്ള നിസ്സഹായാവസ്ഥയില്‍ രോഗത്തിന്‍റെ കണക്കുകളും പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി അപഗ്രഥിച്ച് പ്രിന്‍റ് വിഷ്വല്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത് ഒരു പരിധിവരെ വിവര അന്വേഷകര്‍ക്ക് സഹായകരം ആണെങ്കിലും സാധാരണക്കാരുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കാനെ സഹായിക്കൂ. ഇപ്പോള്‍ തന്നെ പലരും വിഷാദ രോഗികള്‍ ആയി മാറി കഴിഞ്ഞു. കോവിഡ് ലോക്ക് ഡൗണ്‍ മൂലം സമസ്ത മേഖലകളും ഇതിനകം തകര്‍ന്നു കഴിഞ്ഞു. ദിവസക്കൂലിക്കാരുടെ വരുമാനം തീര്‍ത്തും ഇല്ലാതായി. മാസശമ്പളക്കാരോട് ശമ്പളമില്ല അവധിയില്‍ പോകാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പോലും നിലച്ചു. ഗൗരവ അവസ്ഥ കണക്കിലെടുത്ത് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരി നല്‍കിയതിനാല്‍ തല്‍ക്കാലം പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൃഷിയിടങ്ങള്‍ നിര്‍ജീവമാക്കുകയും വ്യവസായശാലകള്‍ അടച്ചിടുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍റെ കയ്യിലുള്ള പണം അനുദിനം കുറഞ്ഞു വരികയും ചെയ്യുന്നു. സര്‍ക്കാര്‍ സൗജന്യങ്ങള്‍ കൊണ്ടും കയ്യില്‍ അവശേഷിക്കുന്ന പണം കൊണ്ടും ഈസ്റ്ററും വിഷുവും വലിയ കുറവുകള്‍ ഇല്ലാതെ ആഘോഷിക്കുമ്പോള്‍ നാം വിത്ത് എടുത്തു കുത്തുന്ന അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത് എന്ന അവബോധം പലര്‍ക്കുമില്ല. കഴിഞ്ഞ ഒന്ന് രണ്ട് ദശകങ്ങളായി ധാരാളിത്തവും ധൂര്‍ത്തും പഠിച്ച നമുക്ക് ചെലവുചുരുക്കാന്‍ സാധിക്കാത്തത് പോലെയായി. സമ്പാദ്യശീലം കൈവിട്ടു. കാരണം, വരവ് കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാറുകള്‍ ആനുപാതികമല്ലാത്ത വിധം വോട്ടുപെട്ടി മുന്‍പില്‍ കണ്ടു വര്‍ധിപ്പിക്കുകയായിരുന്നല്ലോ. ഭരണാധികാരികള്‍ ചിലവ് ചുരുക്കുന്ന ഒരു മാതൃകയും പൗരന്മാര്‍ക്ക് നല്‍കുന്നുമില്ല. ഈ അനാവശ്യമായ കമ്മീഷനുകള്‍ റിട്ടയര്‍ ചെയ്ത തങ്ങള്‍ക്ക് വേണ്ടവര്‍ക്ക് തുടര്‍ വരുമാനം ഉണ്ടാക്കാനുള്ള വേദികളാക്കി (പെന്‍ഷന്‍തുക വേറെയുമുണ്ട്). ആരോഗ്യം, പോലീസ്, എക്സൈസ് തുടങ്ങിയ മേഖലകളില്‍ അത്യാവശ്യം വാഹനങ്ങള്‍ വേണം. ഈ ക്ഷാമകാലത്ത് ഹെലികോപ്റ്റര്‍ മുതല്‍ ലക്ഷ്വറി കാറുകള്‍ വരെ വാങ്ങിക്കൂട്ടി ഖജനാവ് കാലിയാക്കി. കൂടുതല്‍ മോഡി പിടിപ്പിക്കാന്‍ ആയി ഓഫീസുകള്‍ പൂര്‍ണമായി പൊളിച്ചു പണിയുകയോ കോടികള്‍ ചെലവാക്കി നവീകരിക്കുകയും ചെയ്യുക എന്നതിലൂടെ കമ്മീഷന്‍ ആയും കൈക്കൂലി ആയും വന്‍ സംഖ്യ അല്ലേ ചെലവഴിക്കുന്നത്. ഇപ്പോള്‍ അനുവദിക്കപ്പെട്ട സൗജന്യങ്ങള്‍ അനിവാര്യമാണെങ്കിലും നാം ഖജനാവിന്‍റെ അടിത്തട്ടില്‍ എത്തിക്കഴിഞ്ഞു.

ഇനിയുള്ള കാലഘട്ടം മുണ്ടു മുറുക്കി കുത്തേണ്ട ഒരു അവസ്ഥയാണ് സൃഷ്ടിക്കുക. ഈ മഹാമാരി ആഗോള പ്രതിഭാസമാണെന്ന് അതിനാല്‍ എത്ര സമ്പന്ന രാജ്യത്തിനും പട്ടിണി കിടക്കുന്ന ഒരു പ്രദേശത്തെ സഹായിക്കുക സാധ്യമാവില്ല. 'പഞ്ഞം, പട, വസന്ത' എന്നൊരു ശൈലി മലയാളികള്‍ക്ക് സുപരിചിതമാണല്ലോ. എവിടെ വസന്തയും (രോഗം), പടയും (യുദ്ധം) ഉണ്ടോ, അവിടെ പഞ്ഞം (ക്ഷാമം) അനിവാര്യമായി കാണാറുണ്ട്. പ്ലേഗ്, മലമ്പനി, വസൂരി ബാധ എന്നിവയ്ക്കു ശേഷം ഭക്ഷ്യക്ഷാമവും കൊടും ദാരിദ്ര്യവും ലോകം കണ്ട് അനുഭവിച്ചതാണ്.

കോവിഡ് രോഗബാധയും അതിനുശേഷവും ലോകം കാണാന്‍ പോകുന്ന വിപത്ത് ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും ആണ്. അതില്‍ ഏറെയും ദുരിതം അനുഭവിക്കുക ഡയാലിസിസ് രോഗികളും അര്‍ബുദ ബാധിതരും ആയിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് ഏപ്രില്‍ 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുവിച്ച കല്പനകള്‍ ശ്രദ്ധേയമാണ്. സാമൂഹിക അകലം പാലിക്കലും, മാസ്ക് ധരിക്കലും, ആരോഗ്യ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും മറ്റും നിര്‍ദ്ദേശങ്ങളിലെ ശാസ്ത്രീയ വശങ്ങള്‍ അടിവരയിടുന്നു. കേന്ദ്ര നിര്‍ദ്ദേശങ്ങളില്‍ ഒന്നും അഞ്ചും, അതായത് മുതിര്‍ന്ന പൗരന്മാരുടെ കാര്യം ശ്രദ്ധിക്കുക, ദരിദ്ര കുടുംബങ്ങളെ സഹായിക്കുക എന്നിവ അടിയന്തിര പരിഗണന അര്‍ഹിക്കുന്നു. അര്‍ബുദരോഗികളും വൃക്ക തകരാറിലായവരും ഉള്‍പ്പെടുന്ന ജനവിഭാഗമാണ് ഇവര്‍. ഒരു വീട്ടില്‍ ഈ വിഭാഗത്തില്‍ പെട്ട ഒരു രോഗി എങ്കിലും ഉണ്ടെങ്കില്‍ എത്ര സമ്പന്നന്‍ ആണെങ്കിലും കുടുംബം സാമ്പത്തികമായി തകരും. അര്‍ബുദരോഗികള്‍ക്ക് തിരുവനന്തപുരം (RCC), തലശ്ശേരി MVR എന്നിവിടങ്ങളിലും ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സൗജന്യ ചികിത്സ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ചില ജില്ലാ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഒഴികെ സൗജന്യമായി ഡയാലിസിസ് സൗകര്യമില്ല. ഓരോ ഡയാലിസിസിനും വേണ്ട ആയിരത്തി ഒരുന്നൂറു രൂപയും പിന്നെ അതിന് ഉപയോഗിക്കുന്ന മരുന്നും കൂടി രണ്ടായിരം രൂപ വരും.

ഇപ്പോള്‍ വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ഓട്ടോയോ, വാടകക്കാറോ വേണ്ടിവരും. ശാരീരികമായി തളര്‍ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ആകയാല്‍ ഒന്നോ രണ്ടോ പേര്‍ കൂടെ പോകേണ്ടി വരും. അവരുടെ ചിലവുകളും മറ്റും വരുമ്പോള്‍ ഒരു പ്രാവശ്യത്തെ ഡയാലിസിസിന് ചുരുങ്ങിയത് മൂവായിരത്തോളം രൂപ. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഡയാലിസിസ് നടത്തുമ്പോള്‍ കുടുംബത്തിന്‍റെ അവസ്ഥ എന്തായിരിക്കും. ഇവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. ഓരോ ഗ്രാമത്തിലും ഇപ്പോള്‍ നിരവധി ഡയാലിസിസ് ചെയ്യുന്നവരുണ്ട്. സ്നേഹമുള്ള മക്കള്‍ ശമ്പളത്തിന്‍റെ സിംഹഭാഗവും ദിവസക്കൂലി മുഴുവനും ചെലവാക്കി ആണ് ഇവരുടെ ദൈന്യത കണ്ടുനില്‍ക്കാനാകാതെ ഡയാലിസിസിന് കൊണ്ടു പോകുന്നത്. ഈ ദുരവസ്ഥ പരിഹരിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. നമ്മുടെ കുടുംബങ്ങളിലെ ചെലവുകള്‍ അല്പം സഹനത്തോടെ വെട്ടിച്ചുരുക്കി സമ്പാദിക്കാന്‍ ആവുന്ന പണംകൊണ്ട് ഓരോ ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യുക. ആ രോഗി ഞാനാണെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചാല്‍, ഇതിന് മാര്‍ഗം തുറന്നു കിട്ടും. രണ്ടാമത്, സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ തങ്ങളുടെ ലാഭത്തിന്‍റെ ഒരു വിഹിതം ഈ രോഗികള്‍ക്ക് മാറ്റിവയ്ക്കാന്‍ നേതൃത്വം നല്‍കിയാല്‍ മറ്റ് ജീവനക്കാര്‍, പൊതുജനം തുടങ്ങിയവര്‍, ആരാധനാലയങ്ങള്‍ എന്നിവരും ഈ കാരുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളാകും. ഈ ലേഖകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ ആയിരുന്ന കാലത്ത് ആരംഭിച്ച 'കാരുണ്യപൂര്‍വ്വം ഡയാലിസിസ്' എന്ന പരിപാടി വിജയിപ്പിച്ചെടുത്തതിന്‍റെ അനുഭവത്തില്‍ ആണ് ഈ കുറിപ്പ് എഴുതുന്നത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഹൃദയങ്ങള്‍ ഉരുകി ഒന്നായി നില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ മനസ്സില്‍ കുറിച്ചിട്ട് പ്രാവര്‍ത്തികമാക്കാവുന്ന ഒരു കരുണയുടെയും പരസ്നേഹത്തിന്‍റെയും പ്രവൃത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org