Latest News
|^| Home -> National -> ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു

ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു

Sathyadeepam

ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ പ്രവര്‍ത്തകനും ഈ ശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്, 83 കാരനായ അദ്ദേഹത്തെ അറിയുന്നവരെയും അറിയാത്തവരെയും ഒരു പോലെ ഞെട്ടിച്ചു. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ഭരണകൂടത്തോടും കോര്‍പറേറ്റുകളോടുമുള്ള പോരാട്ടത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. അതിനോടുള്ള പകവീട്ടലായി അദ്ദേഹത്തിന്റെ അറസ്റ്റിനെ കാണുന്നവരുണ്ട്.

2018 ല്‍ മഹാരാഷ്ട്രയില്‍ നടന്ന ഒരു അക്രമസംഭവത്തില്‍ സ്വാമിയെ പ്രതി ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്‍ ഐ എ നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ 15 മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. അതിനു ശേഷം വീണ്ടും ചോദ്യം ചെയ്യുന്നതിനായി മുംബൈയില്‍ ചെല്ലണമെന്നു നിര്‍ദേശിച്ചു. 83 കാരനായ തനിക്ക് റാഞ്ചിയില്‍ നിന്നു മുംബൈ വരെ ഈ കോവിഡ് കാലത്ത് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ചോദ്യം ചെയ്യലിനു വിധേയനാകാമെന്നും അദ്ദേഹം മറുപടി നല്‍കി. അതിനു ശേഷമാണ് താമസസ്ഥലത്തു നിന്ന് അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്കു പിടിച്ചു കൊണ്ടു പോയതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.

ഖനി ലോബികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിലൂടെയാണ് സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ ആശാകേന്ദ്രമായി മാറിയത്. ധാതുസമ്പന്നമായ ജാര്‍ഖണ്ഡിലെ ആദിവാസി വനഭൂമികള്‍ കൈയടക്കാനും ആദിവാസികളെ അവരുടെ പൈതൃക ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കാനും വന്‍ കോര്‍പറേറ്റുകള്‍ ശ്രമം തുടങ്ങിയ 90 കളിലാണ് സ്റ്റാന്‍ സ്വാമിയുടെയും പോരാട്ടങ്ങള്‍ തുടങ്ങുന്നത്. നക്‌സലൈറ്റ്, മാവോയിസ്റ്റ് ബന്ധങ്ങള്‍ ആരോപിച്ച് ആദിവാസി യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലുകളില്‍ അടച്ചത് അദ്ദേഹം പുറത്തു കൊണ്ടു വന്നു. ജയിലുകളില്‍ വിചാരണയില്ലാതെ കഴിയുന്ന ആദിവാസി യുവാക്കളില്‍ 98% നും യാതൊരു നക്‌സല്‍ ബന്ധങ്ങളുമില്ലെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കുന്ന ഗ്രന്ഥം അദ്ദേഹം 2016 ല്‍ പ്രസിദ്ധീകരിച്ചത് ഭരണകൂടത്തിന് വന്‍ തിരിച്ചടി ആയിരുന്നു. 5,000 രൂപയില്‍ താഴെയാണ് ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരുടെ കുടുംബ വരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ക്കു വേണ്ടി അഭിഭാഷകരെ നിയോഗിക്കാനും ജാമ്യമെടുക്കാനും സ്റ്റാന്‍ സ്വാമി രംഗത്തിറങ്ങി. 2014 ല്‍ കേന്ദ്രത്തിലും ജാര്‍ഖണ്ഡിലും ബി ജെ പി അധികാരത്തില്‍ വന്നതോടെ സ്വാമിക്കെതിരായ നടപടികള്‍ക്കു വര്‍ഗീയതയും ഉപയോഗിക്കപ്പെട്ടു.
അദ്ദേഹത്തെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നതിനും ശ്രമം നടന്നു. എന്നാല്‍, താമസസ്ഥലത്ത് റെയ്ഡുകള്‍ നടത്തുകയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ എന്‍ ഐ എ ക്കു കഴിഞ്ഞില്ല.

അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപ് അദ്ദേഹം സംസാരിക്കുന്ന വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Comments

2 thoughts on “ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു”

  1. Ann says:

    This is just a remark of fascism and crucifixion of the innocent puple.What a shameless and bloody democracy is this.Aren’t u shy of this hearing unpleasant thing hearing around the news …U govt.

  2. Jose Chittilappilly says:

    Free Rev. Father Stan Swami

Leave a Comment

*
*