സ്വവര്‍ഗ പ്രേമികള്‍: മാര്‍പാപ്പാ ആവര്‍ത്തിക്കുന്നത് സഭാ പ്രബോധനം

സ്വവര്‍ഗ പ്രേമികള്‍: മാര്‍പാപ്പാ ആവര്‍ത്തിക്കുന്നത് സഭാ പ്രബോധനം

'അവരെ വിധിക്കാന്‍ ഞാനാര്?' എന്നതാണ് സ്വവര്‍ഗ പ്രേമികളെ കുറിച്ചുള്ള ചോദ്യത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പാ, താന്‍ അധികാരമേറ്റശേഷം നല്‍കിയ ആദ്യത്തെ മറുപടി. 'വിധിക്കരുത്' എന്ന സുവിശേഷ മൂല്യം പാപ്പയും സഭയും ഉയര്‍ത്തിപ്പിടിക്കുന്നു. സ്വവര്‍ഗ പ്രേമികളായി സ്വയം തിരിച്ചറിയുന്നവരുടെ മനുഷ്യാന്തസ്സിനെ മാനിക്കാനും പരിഗണിക്കാനും സകലര്‍ക്കും ബാദ്ധ്യതയുണ്ട്. എന്നാല്‍, വിവാഹം എന്ന കൂദാശ സംബന്ധിച്ച സഭാപ്രബോധനം അചഞ്ചലമാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പാ നിരവധി പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ളതും ജീവനോടു തുറവിയുള്ളതുമായ ശാശ്വത ബന്ധം മാത്രമാണ് വിവാഹം എന്ന് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിട്ടുള്ള 'ഫ്രാന്‍സിസ്‌കോ' എന്ന ഡോക്യുമെന്ററിയിലും അതിനു വിരുദ്ധമായി പാപ്പാ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് സ്വവര്‍ഗ വിവാഹത്തെ സഭ അംഗീകരിക്കുമോ എന്ന ചോദ്യവും അപ്രസക്തമാണ്. യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധത്തില്‍ വ്യക്തമാണ് വിവാഹം സംബന്ധിച്ച സഭയുടെ പ്രബോധനവും നിയമങ്ങളും.

സ്വവര്‍ഗ പ്രേമികളെ കുടുംബങ്ങള്‍ ബഹിഷ്‌കരിക്കരുതെന്നും കുടുംബം അവരുടെ അവകാശമാണെന്നും പാപ്പാ പറയുമ്പോള്‍, അവരോടുള്ള സാമൂഹ്യ വിദ്വേഷം അവസാനിപ്പിക്കണമെന്നും ഉള്‍ക്കൊള്ളണമെന്നും ആണ് പാപ്പാ ഉദ്ദേശിക്കുന്നത്. ക്രൈസ്തവികത പൊതുവിലും ഫ്രാന്‍സിസ് പാപ്പാ വിശേഷിച്ചും പിന്തുടരുന്ന മാനവീകതയുടെ പ്രകാശനം തന്നെയാണിത്.
സ്വവര്‍ഗ പ്രേമികളെ ആദരവോടെയും അനുകമ്പയോടെയും അംഗീകരിക്കണമെന്നും അവര്‍ക്കെതിരെ അനീതിപരമായ യാതൊരു വിവേചനവും പാടില്ലെന്നും 'കത്തോലിക്കാ സഭയുടെ മതബോധനം' എന്ന ഔദ്യോഗിക രേഖ വ്യക്തമാക്കിയിട്ടുള്ളതാണ്.

സ്വവര്‍ഗ പ്രേമികളുടെ 'സി വില്‍ യൂണിയനുകള്‍ക്കു' നിയമപരിരക്ഷ നല്‍കുന്നതിന് താന്‍ അനുകൂലമാണെന്ന പരാമര്‍ശം മാര്‍പാപ്പാ ഈ ഡോക്യുമെന്ററിയില്‍ പാപ്പാ നടത്തുന്നുണ്ട്. അവരുടെ മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഇതിനര്‍ത്ഥം. ഈ വാചകത്തിന് മുമ്പോ ശേഷമോ പാപ്പാ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ഡോക്യുമെന്ററിയില്‍ ഇല്ല. ഒറ്റ വാക്യത്തില്‍ ഇതുപോലൊരു വിഷയം വിശദീകരിക്കുക പ്രായോഗികമല്ല. അതുകൊണ്ടു തന്നെ ഈ പരാമര്‍ശം കൂടുതല്‍ വിശദീകരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. വത്തിക്കാനില്‍ നിന്ന് അത്തരമൊരു വിശദീകരണം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

വിവാഹത്തെ സംബന്ധിച്ച സഭാപ്രബോധനങ്ങള്‍ വ്യക്തമാണെങ്കിലും സ്വവര്‍ഗ പ്രേമികളായ വ്യക്തികള്‍ക്കെതിരായ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിനു സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും അതിന് പാപ്പായുടെ വാക്കുകള്‍ സഹായിക്കുമെന്നുമാണ് സഭാനേതൃത്വത്തില്‍ പലരും പ്രതീക്ഷിക്കുന്നത്. അതിനപ്പുറത്ത്, ഇവിടെ പാപ്പാ സഭാപ്രബോധനങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും പറഞ്ഞുവെന്ന പുകമറ പരത്തുന്നതില്‍ കാര്യമില്ല.
അനുകമ്പാര്‍ദ്രമായ മനുഷ്യ സ്‌നേഹം സകലരോടും ഉപാധികളില്ലാതെ പുലര്‍ത്തുക എന്ന സനാതന സുവിശേഷ മൂല്യം ഫ്രാന്‍സീസ് പാപ്പാ ഉയര്‍ത്തിപ്പിടിക്കുന്നു, സമൂഹത്തിന്റെ അരികുകളിലേക്ക് പല കാരണങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു. അതാണ് ഈ ഡോക്യുമെന്ററി മുന്നോട്ടു വയ്ക്കുന്ന കാതലായ സന്ദേശം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org