ഹൃദയത്തിലെ സ്നേഹജ്വാലയെ ആളിക്കത്തിക്കാന്‍ ഈ നോമ്പുകാലം അവസരമാക്കുക – ഫ്രാന്‍സിസ് മാര്‍പാപ്പ

ഹൃദയത്തിലെ സ്നേഹജ്വാലയെ ആളിക്കത്തിക്കാന്‍ ഈ നോമ്പുകാലം അവസരമാക്കുക – ഫ്രാന്‍സിസ് മാര്‍പാപ്പ

വിശ്വാസത്തോടുള്ള ആവേശം നവീകരിക്കാനും ഹൃദയത്തിലെ സ്നേഹജ്വാലയെ ആളിക്കത്തിക്കാനും ഈ നോമ്പുകാലം അവസരമാക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ നോമ്പുകാല സന്ദേശത്തില്‍ ആവശ്യപ്പെട്ടു. നമ്മുടെ ഹൃദയങ്ങളിലെ സ്നേഹജ്വാല ചിലപ്പോള്‍ അണയുന്നതായി തോന്നും. പക്ഷേ ദൈവത്തിന്‍റെ ഹൃദയത്തില്‍ അതൊരിക്കലും സംഭവിക്കുന്നില്ല. എന്നും നവമായി ആരംഭിക്കാനുള്ള അവസരം അവിടുന്നു നമുക്കു നിരന്തരമായി നല്‍കിക്കൊണ്ടിരിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

"അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തു പോകും" (മത്തായി 24:12) എന്നതാണ് ഈ വര്‍ഷത്തെ നോമ്പുകാല സന്ദേശത്തിന്‍റെ പ്രമേയം. തണുത്ത ഹൃദയങ്ങള്‍ക്കും വ്യാജപ്രവാചകന്മാര്‍ക്കുമെതിരെ തന്‍റെ സന്ദേശത്തില്‍ മാര്‍പാപ്പ മുന്നറിയിപ്പു നല്‍കുന്നു. വികാരങ്ങളുടെയും സമ്പത്തിനോടുള്ള ആഗ്രഹത്തിന്‍റെയും തടവറയിലേയ്ക്ക് അവ നമ്മെ പ്രലോഭിപ്പിച്ചയയ്ക്കുന്നു. എത്രയോ ദൈവമക്കളാണ് യഥാര്‍ത്ഥ സന്തോഷമെന്നു ധരിച്ച് നൈമിഷികാഹ്ലാദങ്ങളില്‍ ഭ്രമിച്ചു പോകുന്നത്! – മാര്‍പാപ്പ എഴുതി.

പ്രാര്‍ത്ഥനയും ദാനധര്‍മ്മവും ഉപവാസവും അടങ്ങുന്ന നോമ്പനുഷ്ഠാനം സഭ നമുക്കു നല്‍കുന്ന ഒരു സൗഖ്യദായക പരിഹാരമാണെന്ന് മാര്‍പാപ്പ പറഞ്ഞു. ആത്മവഞ്ചനയേയും രഹസ്യനുണകളേയും ഇല്ലായ്മ ചെയ്യാന്‍ പ്രാര്‍ത്ഥന സഹായിക്കുന്നു. ദൈവം വാഗ്ദാനം ചെയ്യുന്ന സമാശ്വാസം നമുക്കു കണ്ടെത്താന്‍ കഴിയുന്നു. ദാനധര്‍മ്മം നമ്മെ അത്യാഗ്രഹങ്ങളില്‍ നിന്നു മോചിപ്പിക്കുന്നു. മറ്റുള്ളവരെ സഹോദരങ്ങളായി പരിഗണിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു. ദാനധര്‍മ്മം നാമോരോരുത്തരുടേയും ശരിയായ ജീവിതശൈലിയാകണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഉപവാസം നമ്മുടെ അക്രമവാസനകളെ ദുര്‍ബലപ്പെടുത്തുകയും ദൈവത്തെ അനുസരിക്കാനുള്ള ആഗ്രഹം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിനു മാത്രമേ നമ്മുടെ വിശപ്പു ശമിപ്പിക്കാന്‍ കഴിയൂ – നോമ്പുകാല സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org