ഇടുക്കിയുടെ ഇടയശ്രേഷ്ഠന് ആദരാഞ്ജലികള്‍

ഇടുക്കിയുടെ ഇടയശ്രേഷ്ഠന് ആദരാഞ്ജലികള്‍

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇടുക്കിയിലെ സാമൂഹികരംഗത്ത് സജീവമായി ഇടപെട്ടിരുന്ന പുരോഹിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മലയോരജനതയുടെ വേദനകള്‍ മനസ്സിലാക്കി ശുശ്രൂഷ നിര്‍വഹിച്ച വൈദിക ശ്രേഷ്ഠനാണ് കാലം ചെയ്ത മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ എന്ന നിലയില്‍ ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. ജാതിമത വ്യത്യാസങ്ങളില്ലാതെ ഇടുക്കിയിലെ ജനങ്ങളെ സ്വന്തം ജനതയായി കണ്ട അജപാലകനായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വികാരവിചാരങ്ങള്‍ അദ്ദേഹത്തിന് തന്‍റേതു കൂടിയായിരുന്നു. വിവിധ സഭകളുമായുള്ള പ്രവര്‍ത്തനങ്ങളല്‍ ഹൃദയപൂര്‍വ്വം പങ്കുചേര്‍ന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വവും മാതൃകയും വിശ്വാസികളുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.

മാര്‍ ആനിക്കുഴിക്കാട്ടില്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. നീതിയും സത്യവുമെന്നു ബോദ്ധ്യപ്പെടുന്ന കാര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തുകൊണ്ട് എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായ വ്യക്തിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍ പിതാവെന്ന് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ആഴമായ ആദ്ധ്യാത്മികതയും സഭാത്മകമായ ഉള്‍ക്കാഴ്ചയും പാണ്ഡിത്യവും കൈമുതലായുണ്ടായിരുന്ന ഈ ഇടയ ശ്രേഷ്ഠന്‍ തന്‍റെ അജഗണങ്ങളെ സഭാസ്നേഹത്തിലും ആത്മീയതയിലും വളര്‍ത്തി.

ഇടുക്കിയിലെ മലയോര മേഖലയില്‍ സാമൂഹിക സാംസ്കാരിക കാര്‍ഷിക സാമ്പത്തികവിദ്യാഭ്യാസ മേഖലകളിലെല്ലാം ശാന്തവും ഫലപ്രദവുമായി ഇടപെട്ട ഒരു ആധ്യാത്മിക ആചാര്യനായിരുന്നു ആനിക്കുഴിക്കാട്ടില്‍ പിതാവെന്ന് അനുശോചനസന്ദേശത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ആഴമേറിയ പ്രാര്‍ത്ഥനയും അറിവിന്‍റെയും അനുഭവത്തിന്‍റെയും ആധികാരികതയും അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്ക് അടിസ്ഥാനമായിരുന്നു.

കുടിയേറ്റ ജനതയുടെ സമഗ്ര വളര്‍ച്ചയ്ക്കായി അതീവ താത്പര്യത്തോടെ പ്രവര്‍ത്തിക്കുകയും ഒപ്പം ഇടുക്കി രൂപതയുടെ വളര്‍ച്ചയ്ക്കായി നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്ത ആത്മീയാചാര്യനാണ് മാര്‍ ആനിക്കുഴിക്കാട്ടിലെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു. കാപട്യമില്ലാത്ത ഒരു ശുദ്ധ ഹൃദയനായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടിലെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു. കര്‍ഷകരുടെ നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ട നേതാവായ അദ്ദേഹം കുടിയേറ്റ കര്‍ഷകരുടെ അത്താണിയായിരുന്നു. ഹൈറേഞ്ചിന്‍റെ പ്രവാചക ശബ്ദമാണ് വിടവാങ്ങിയ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. പിതാവിന്‍റെ വേര്‍പാട് ആകസ്മികമാണെന്ന് പറയാനാവില്ല. എന്നാല്‍ ഇത്ര വേഗം ആകുമെന്ന് വിചാരിച്ചിരുന്നില്ല. ഹൈറേഞ്ചിന്‍റെ മകനായ അദ്ദേഹം മണ്ണിന്‍റെ മണമുള്ള വ്യക്തിയാണ്. പിതാവിന്‍റെ വേര്‍പാട് ഇടുക്കിയിലെ കത്തോലിക്കാ സഭയ്ക്ക് മാത്രമല്ല മുഴുവന്‍ ജനങ്ങള്‍ക്കും വലിയ വേദനയും ദുഃഖവുമാണു നല്‍കുന്നതെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org