ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ സമ്മേളനം

ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍റെ (ഐസിപിഎ) അന്‍പത്താറാം അസംബ്ലിയും മാധ്യമ പ്രവര്‍ത്തകരുടെ 25-ാം ദേശീയ കണ്‍വെന്‍ഷനും ഡല്‍ഹിയില്‍ പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിന്‍റെ അധ്യക്ഷതയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജംബത്തിസ്റ്റ ഡി ക്വാത്രോ ഉദ്ഘാടനം ചെയ്യും. "മാധ്യമ പ്രവര്‍ത്തനം ഇന്ന്: തത്ത്വങ്ങളുടെ മേല്‍ പ്രായോഗികതാവാദത്തിന്‍റെ മേല്‍ക്കോയ്മയോ?" എന്നതാണ് വിചിന്തന വിഷയം.

ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ക്യൂട്ടോ മുഖ്യപ്രഭാഷണവും ബറയ്പ്പൂര്‍ ബിഷപ്പും സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കമ്മീഷന്‍റെ ചെയര്‍മാനുമായ ഡോ. സാല്‍വദോര്‍ ലോബോ അനുഗ്രഹപ്രഭാഷണവും നിര്‍വഹിക്കും. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് പുരസ്കാര സമര്‍പ്പണം നടത്തും.

മുന്‍ എംപിയും ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ് ട്രിബ്യൂണ്‍ എന്നീ പത്രങ്ങളുടെ മുന്‍ മുഖ്യപത്രാധിപരുമായ എച്ച്. കെ ദുവ, ദ് വയര്‍ സ്ഥാപക പത്രാധിപന്‍ എം. കെ വേണു, ദ് ഫ്രണ്ട് ലൈന്‍ സീനിയര്‍ ഡപ്യൂട്ടി എഡിറ്റര്‍ ടി. കെ രാജലക്ഷ്മി, മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സെഡ്രിക്ക് പ്രകാശ്, എന്‍ഡിടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ആങ്കറുമായ രോഹിത് വെല്ലിംഗ്ടണ്‍, സിഗ്നിസ് ഇന്ത്യ നാഷണല്‍ പ്രസിഡന്‍റ് ഫാ. സ്റ്റാന്‍ലി കോഴിച്ചിറ തുടങ്ങിയവരാണു വിഷയാവതരണം നടത്തുക. ആ പ്രബന്ധങ്ങളും വിചിന്തന വിഷയവുമായി ബന്ധപ്പെട്ട് അംഗങ്ങളില്‍ നിന്നുള്ള രചനകളും ഉള്‍പ്പെട്ട ഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

സമാധാനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന സംവാദ ശുശ്രൂഷയില്‍ പ്രമുഖനായ മുന്‍ ഗുവാഹട്ടി ആര്‍ച്ച്ബിഷപ് ഡോ. തോമസ് മേനാംപ റമ്പില്‍, പട്ടികജാതി/പട്ടിക വര്‍ഗമേഖലയിലെ വാസ്തവങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മികവു കാട്ടുന്ന ഫാ. സന്തോഷ് കുമാര്‍ ഡിഗാല്‍, ഹിന്ദി സാഹിത്യത്തിനു നല്‍കുന്ന സംഭാവനകള്‍ക്ക് ഫാ. ജോണ്‍ ദീപക്ക്സുല്യ എന്നിവരെയാണ് വിവിധ പുരസ്കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

ഇതോടൊപ്പം അച്ചടിമേഖലയില്‍ രാജ്യതലസ്ഥാനത്ത് മൂല്യാധിഷ്ഠിത സേവനം നടത്തുന്ന 25 പേരെ പ്രത്യേകം തിരഞ്ഞെടുത്ത് ആദരിക്കുന്നുണ്ട്. ഡല്‍ഹി ഓഖ്ലയില്‍ ഡോണ്‍ബോസ്കോ സെന്‍ററില്‍ നടക്കുന്ന സമ്മേളന പരിപാടികള്‍ വിശുദ്ധ ഗ്രന്ഥത്തിലും ഇന്ത്യയുടെ മഹിതമായ ഭരണഘടനയിലും ഊന്നിക്കൊണ്ടാണു ക്രമീകരിച്ചിട്ടുള്ളതെന്ന് പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ജനറല്‍ സെക്രട്ടറി റവ. ഡോ. സുരേഷ് മാത്യു, ട്രഷറര്‍ ഫാ. ജോബി മാത്യു എന്നിവര്‍ അറിയിച്ചു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org