“ഭാരതം എങ്ങോട്ട്?” കത്തോലിക്കാ ദൈവശാസ്ത്രജ്ഞരുടെ സമ്മേളനം

“ഭാരതം എങ്ങോട്ട്?” കത്തോലിക്കാ ദൈവശാസ്ത്രജ്ഞരുടെ സമ്മേളനം

"ഭാരതം എങ്ങോട്ട്?" എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍റെ (ഐ റ്റി എ) 42-ാം വാര്‍ഷിക സമ്മേളനം ബാംഗ്ലൂരില്‍ നടന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വര്‍ഗീയത ഭാരത സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഭാരതത്തിന്‍റെ വൈവിധ്യത്തെ അതു ബാധിച്ചിട്ടുണ്ടെന്നും സമ്മേളനം വിലയിരുത്തി. സാമൂഹിക നന്മ കാംക്ഷിക്കുന്ന സന്നദ്ധ സംഘടനകളെയും ജനങ്ങളെയും ഒരുമിപ്പിച്ച് മതമൗലികതയ്ക്കും വിദ്വേഷത്തിനും വിവേചനത്തിനും എതിരെ നിലകൊള്ളാന്‍ സമ്മേളനം തീരുമാനിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 75-ല്‍പരം ദൈവശാസ്ത്രജ്ഞര്‍ നാലുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു. സാമ്പത്തിക ഉദാരവത്കരണം സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയാണു ചെയ്തതെന്ന് സമ്മേളനം വിലയിരുത്തി. സമ്പന്ന വിഭാഗം കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭൂരിപക്ഷവും ദരിദ്രരായി തുടരുന്നു. കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് നിയമപരിരക്ഷയുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ലഭിക്കുമ്പോള്‍ മറുവശത്ത് കടബാധ്യതമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മിക്കവയും സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ ദരിദ്രരുടെ നിലവിളികള്‍ മാധ്യമങ്ങളിലൂടെ വെളിച്ചത്തുവരണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സൗഹാര്‍ദ്ദതയ്ക്കും പരസ്പര സമന്വയത്തിനും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി നാം പ്രവര്‍ത്തിക്കണം. വിദ്വേഷത്തിനും അതിക്രമത്തിനുമെതിരെ നിലകൊള്ളുകയും എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും തുല്യതയും ലഭ്യമാക്കുന്നതിനായി പ്രയത്നിക്കുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org