ബജറ്റുകളില്‍ കര്‍ഷകരെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകും: ഇന്‍ഫാം

വരാന്‍പോകുന്ന കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ കര്‍ഷകരെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്നും കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യാപനങ്ങളില്‍ എന്തൊക്കെ നടപ്പിലാക്കിയെന്ന് സര്‍ക്കാരുകള്‍ ധവളപത്രമിറക്കണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു. ബജറ്റുപ്രസംഗങ്ങളിലെ കഥകളിലും കവിതകളിലും പൊള്ളയായ വാഗ്ദാനങ്ങളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത മൈതാനപ്രസംഗങ്ങളുടെ നിലവാരത്തിലേക്ക് സര്‍ക്കാര്‍ ബജറ്റുകള്‍ തരംതാഴുന്നത് ദുഃഖകരമാണ്. രാജ്യത്തെയും സംസ്ഥാനത്തെയും സമ്പദ്ഘടന തകര്‍ന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. കാര്‍ഷികമേഖലയുടെ വന്‍തകര്‍ച്ച തുടരുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. ദേശീയ സംസ്ഥാന വളര്‍ച്ചാ നിരക്കുകളില്‍ വന്‍ ഇടിവും നേരിടുന്നു.

വരാന്‍പോകുന്ന തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ വേണ്ടിയുള്ള ആയുധം മാത്രമായി ബജറ്റിനെ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റരുതെന്നും കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന വ്യക്തവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org