പുരാതന പാട്ടുകളെക്കുറിച്ച് അന്തര്‍ദേശീയ സെമിനാര്‍

കോട്ടയം ബിസിഎം കോളജില്‍ പുരാതന പാട്ടുകളെ ആസ്പദമാക്കി 2017 ആഗസ്റ്റ് 24 മുതല്‍ 26 വരെ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതന പാട്ടുകള്‍ നാടോടിവിജ്ഞാനീയപഠനത്തിലൂടെ എന്നതാണ് സെമിനാര്‍ വിഷയം. മഹാത്മാഗാന്ധി സര്‍വകലാശാല, ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എജുക്കേഷനല്‍ ട്രസ്റ്റ്, ക്നാനായ അക്കാദമി ഫോര്‍ റിസെര്‍ച്ച് & ട്രെയിനിംഗ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക്  യൂത്ത് ലീഗ് എന്നിവയുമായി സഹകരിച്ചാണ് ബി.സി.എം കോളേജ് മലയാള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 22 വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പുരാതനപാട്ടുകള്‍ താളിയോല ഗ്രന്ഥങ്ങളില്‍ നിന്നും വാമൊഴി പാരമ്പര്യത്തില്‍നിന്നും ശേഖരിച്ച്, മലയാളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതന പാട്ടുകള്‍ എന്ന പേരില്‍ കേരളത്തിലെ ആദ്യ നാടന്‍പാട്ട് സമാഹാരമായി 1910-ല്‍ പ്രസിദ്ധീകരിച്ചത് പി.യു.ലൂക്കാസ് ആണ്. അദ്ദേഹത്തിന് താളിയോലഗ്രന്ഥങ്ങള്‍ സമാഹരിച്ചു നല്കിയതും സര്‍വവിധ പിന്തുണ നല്കിയതും മത്തായി വട്ടക്കളത്തിലച്ചനാണ്. അദ്ദേഹത്തിന്‍റെ നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

പുരാതനകേരളത്തിന്‍റെ, പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം, ഭാഷ, വസ്ത്രധാരണം, ഭക്ഷണശൈലി, ആചാരങ്ങള്‍, ചടങ്ങുകള്‍, ആദ്ധ്യാത്മികത തുടങ്ങി സാംസ്കാരിക ജീവിതത്തിന്‍റെ സമസ്തമേഖലകളെക്കുറിച്ചും വളരെയധികം വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ പര്യാപ്തമായ പുരാതനപ്പാട്ടുകള്‍ചരിത്ര, ഭാഷാ, സാഹിത്യ, സംസ്കാരപഠിതാക്കള്‍ക്ക് അമൂല്യനിധിയാണ്. സാഹിത്യനിരൂപണത്തിന്‍റെ നവനിലപാടുകളിലൂടെ ഈ പാട്ടുകള്‍ സെമിനാറില്‍ വിശദമായി വിലയിരുത്തപ്പെടും. വിശദവിവരങ്ങള്‍ക്ക് പ്രൊഫ. അനില്‍ സ്റ്റീഫന്‍ (9446120582), ഫാ. ബൈജുമാത്യുമുകളേല്‍ (9496256259).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org