രാജ്യനന്മയ്ക്കു പ്രഥമസ്ഥാനം നല്‍കുക: ദക്ഷിണാഫിക്കന്‍ പ്രസിഡന്‍റിനോടു മെത്രാന്മാര്‍

രാജ്യനന്മയ്ക്കു പ്രഥമസ്ഥാനം നല്‍കി ഒരു മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനെ പോലെ പ്രവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് ജേക്കബ് സുമയോടു കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. സുമ സ്ഥാനമൊഴിയണം എന്നു തന്നെയാണ് മെത്രാന്മാര്‍ പരോക്ഷമായി ആവശ്യപ്പെടുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ജെസ്യൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ ഫാ. റസ്സല്‍ പോളിറ്റ് ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി പ്രസിഡന്‍റായിരിക്കുന്ന വയോധികനായ ജേക്കബ് സുമ പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു രാജ്യത്തു പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പലയിടത്തും സംഘര്‍ഷങ്ങളിലേയ്ക്കും എത്തുന്നു. ഇദ്ദേഹത്തിനെതിരെ നിരവധി അഴിമതിയാരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയായ ആ ഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതാക്കളും സുമയുടെ രാജി ആവശ്യപ്പെടുന്നു.

സമാധാനത്തിനും നീതിക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മെത്രാന്‍ സംഘം കത്തോലിക്കരോട് ആവശ്യപ്പെട്ടു. അധികാര കൈമാറ്റത്തിനുള്ള ഒരു ദ്രുതപരിഹാരം കണ്ടെത്താന്‍ ഭരിക്കുന്ന പാര്‍ടിക്കു കഴിയേണ്ടതുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അധികാരകൈമാറ്റം ആവശ്യമാണ് – മെത്രാന്മാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org