വൈറസിനെതിരെ വരകളിലൂടെ പ്രതിരോധം

വൈറസിനെതിരെ വരകളിലൂടെ പ്രതിരോധം

വൈക്കം: വൈറസിനെതിരെ വരകളിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് ജീസ് പി. പോള്‍. കൊറോണക്കാലത്ത് നാം ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളുമൊക്കെ വരകളായും വരികളായും മുപ്പതോളം കാര്‍ട്ടൂണുകളിലൊതുക്കി സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. കാര്‍ട്ടൂണുകളിലൂടെയുള്ള ബോധവത്കരണം പെട്ടെന്ന് ജനശ്രദ്ധ നേടുന്നതിനാല്‍ ആരോഗ്യപ്ര വര്‍ത്തകര്‍ക്കും ഇവ ഏറെ സഹായകമാകുന്നുണ്ട്.

കൊറോണയെ അടിച്ചു ബൗണ്ടറി കടത്തുന്ന ക്രിക്കറ്റ് താരവും സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഫുട്ബോള്‍ താരവും തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെടുന്ന മേഖലകള്‍ തെളിയുന്നതും ക്രിയാത്മക നിര്‍ദേശങ്ങള്‍ അടങ്ങിയതുമായ കാര്‍ട്ടൂണുകള്‍ വാട്സ്ആപ്പിലും ഫേസ് ബുക്കിലുമൊക്കെ ഏറെ ജനകീയമായിക്കഴിഞ്ഞു.

വൈക്കം വെച്ചൂര്‍ അച്ചിനകം സ്വദേശിയായ ജീസ് പി. പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണുകളുമായി വിവിധ ആനുകാലികങ്ങളില്‍ സജീവമാണ്. 1986-ല്‍ സത്യദീപം വാരികയിലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. മികച്ച കാര്‍ട്ടൂണിന് സത്യദീപം ഏര്‍പ്പെടുത്തിയ ആനി തയ്യില്‍ പുരസ്കാരം ഇദ്ദേഹം നേടിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ പരിസ്ഥിതി വിഭാഗം മാനേജരായ ജീസ് പി. പോള്‍ സംസ്ഥാന ഹരിത കേരള മിഷന്‍റെയും ശുചിത്വമിഷന്‍റെയും റിസോഴ്സ് പേഴ്സണ്‍ കൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org