നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ ‘ജീവനം’ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുടെയും റോയല്‍ എന്‍ഫില്‍ഡിന്‍റെയും സഹകരണത്തോടെ കോട്ടയം ജില്ലയിലെ 500 റോളം കുടുംബങ്ങള്‍ക്ക് കൈത്താങ്ങൊരുക്കുന്ന 'ജീവനം' പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് 2600 രൂപയുടെ കിറ്റുകളാണ് ലഭ്യമാക്കുന്നത്. 17 കിലോ അരി, പഞ്ചസാര, ചായപ്പൊടി, ഉപ്പ്, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ജീരകം, കടുക്, കടല, ഉഴുന്ന്, ചെറുപയര്‍, കുക്കിംഗ് ഓയില്‍ എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റും, ബാത്ത് സോപ്പ്, പാത്രം കഴുകുന്ന സോപ്പ്, ഡിറ്റര്‍ജന്‍റ് പൗഡര്‍, തറ തുടയ്ക്കുന്ന ലോഷന്‍, ഹാന്‍റ് വാഷ്, തൂവാലകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ അടങ്ങുന്ന സാനിറ്റേഷന്‍ കിറ്റും ഉള്‍പ്പെടെ പതിമൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്. മാസ്ക്കുകള്‍, ഭക്ഷണപൊതി, ശുചീകരണ കിറ്റുകള്‍, കോവിഡ് 19 ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള ഭക്ഷണ കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ജീവനം പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കോവിഡ് 19 പ്രതിരോധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വരുംദിനങ്ങളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org