ജോര്‍ദാന്‍ നദിക്കരയിലെ പള്ളികള്‍ വൈകാതെ തുറക്കും

യേശുക്രിസ്തു ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ നദീതീരത്തെ പള്ളികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുറക്കാന്‍ കഴിയുമെന്നു കരുതപ്പെടുന്നു. ഈ പ്രദേശത്ത് ധാരാളമായി നിക്ഷേപിക്കപ്പെട്ടിരുന്ന കുഴിബോംബുകളും മറ്റ് ആയുധങ്ങളും നീക്കം ചെയ്യേണ്ടതുകൊണ്ട് പള്ളികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബോംബുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

ജെറീക്കോ പട്ടണത്തില്‍ നിന്നു പത്തു മൈല്‍ അകലെയുള്ള നദീതീരം യേശുവിന്‍റെ ജ്ഞാനസ്നാനസ്ഥലം എന്ന നിലയില്‍ ക്രൈസ്തവര്‍ക്കു വിശുദ്ധമാണ്. അതേസമയം പുറപ്പാടിനെ തുടര്‍ന്നു 40 വര്‍ഷത്തെ മരുഭൂമിയിലെ പ്രവാസത്തിനു ശേഷം ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ നിന്നു ജോര്‍ദാന്‍ നദി മുറിച്ചു കടന്നതിന്‍റെ ഓര്‍മ്മയില്‍ യഹൂദര്‍ക്കും ഇതു പ്രധാനപ്പെട്ട സ്ഥലമാണ്. ഏലിയാ പ്രവാചകന്‍ ശരീരത്തോടെ സ്വര്‍ഗത്തിലേയ്ക്കു സംവഹിക്കപ്പെട്ടതും ഇവിടെയാണെന്നാണു വിശ്വാസം. ഇവിടെ 250 ഏക്കര്‍ വരുന്ന പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് ഇപ്പോഴും പ്രവേശിക്കാന്‍ കഴിയുന്നുണ്ടെങ്കിലും വിവിധ ക്രൈസ്തവസഭകളുടെ പള്ളികള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ നദീതീരങ്ങള്‍ 50 വര്‍ഷമായി ആളുകളെ പ്രവേശിപ്പിക്കാത്തവയാണ്. 1967-ല്‍ ജോര്‍ദാനുമായുള്ള യുദ്ധത്തിനിടെ ഇസ്രായേല്‍ സൈന്യം ഇവിടെ 3000 ടാങ്ക് വേധ കുഴിബോംബുകള്‍ സ്ഥാപിച്ചതാണ് ഇതിനെ ഒരു അപകടമേഖലയാക്കിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഒരു കുഴിബോംബ് വിരുദ്ധ സന്നദ്ധസംഘടന ഇവിടെ കുഴിബോംബ് നീക്കം ചെയ്യല്‍ ആരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org