പ്രതിബദ്ധതയുള്ള തലമുറയെ സഭ പ്രോത്സാഹിപ്പിക്കണം -ജസ്റ്റിസ് എബ്രാഹം മാത്യു

പ്രതിബദ്ധതയുള്ള തലമുറയെ സഭ പ്രോത്സാഹിപ്പിക്കണം -ജസ്റ്റിസ് എബ്രാഹം മാത്യു

Published on

പ്രതിബദ്ധതയുള്ള തലമുറയെ സഭ പ്രോത്സാഹിപ്പിക്കണമെന്ന് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എബ്രാഹം മാത്യു അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ മാധ്യമ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന ദ്വിദിന മാധ്യമ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്ധകാരമുള്ളിടത്തു സഭയുടെ പ്രവര്‍ത്തനമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നീതിയിലും സത്യത്തിലും നന്മയിലും പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. പുറത്തുനിന്നും ഉള്ളില്‍ നിന്നും സഭയ്ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകും. എന്നാല്‍ വിമര്‍ശനങ്ങളിലും എതിര്‍പ്പുകളിലുമാണ് കത്തോലിക്കാ സഭ വളരുന്നത്. അപവാദങ്ങളൊന്നും സഭയെ ക്ഷീണിപ്പിക്കുന്നില്ല, എതിര്‍പ്പുകളില്‍ സഭ വളരുകയാണ് – ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

സത്യമറിയാതെ പ്രതികരിക്കുന്നവരുടെ കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. തെറ്റും ശരിയും വിവേചിച്ചറിഞ്ഞു പ്രതികരിക്കുമ്പോഴാണ് അതിനു കൂടുതല്‍ ശക്തിയുണ്ടാകുന്നത്. മാന്യത നിലനിര്‍ത്തി വേണം പ്രതികരിക്കേണ്ടത്. ഇന്നു മാധ്യമപ്രവര്‍ത്തനം കച്ചവടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റീസ് സൂചിപ്പിച്ചു. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് ബിജു പറയന്നിലം അധ്യക്ഷനായിരുന്നു. ഫാ. ജിയോ കടവി, പി.ജെ പാപ്പച്ചന്‍, ജോണ്‍ മുണ്ടംകാവില്‍, ബെന്നി ആന്‍റണി, ജാന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org