കടാശ്വാസം: മാര്‍പാപ്പായുടെ ആഹ്വാനത്തിനു ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പിന്തുണ

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളുടെ കടം റദ്ദാക്കി നല്‍കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പിന്തുണച്ചു. പകര്‍ച്ചവ്യാധിയെ നേരിടുന്നതിനു ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കണമെന്നും കടം വന്‍തോതില്‍ ഇളച്ചു കൊടുക്കുന്നതാണ് ഇതിനുള്ള ഒരു മാര്‍ഗമെന്നും രാജ്യത്തിനായി നല്‍കിയ ടെലിവിഷന്‍ സന്ദേശത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരായ യുദ്ധത്തില്‍ ഒരു രാജ്യത്തിനും ഒറ്റയ്ക്കു ജയിക്കാനാവില്ല. അതുകൊണ്ട് പുതിയ മാനവൈക്യവും സഹകരണവും വളര്‍ത്തിയെടുക്കേണ്ടതുണ്ട് – അദ്ദേഹം വിശദീകരിച്ചു.

ഉയിര്‍പ്പു ഞായറാഴ്ച നല്‍കിയ ഉര്‍ ബി എത്ത് ഒര്‍ബി സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കോവിഡിന്‍റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും ദരിദ്രരാഷ്ട്രങ്ങള്‍ക്ക് പകര്‍ച്ചവ്യാധിയെ നേരിടുന്നതിനു കഴിയുന്ന വിധത്തില്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ കടാശ്വാസം നല്‍കണമെന്നും മാര്‍പാപ്പ ഈ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ദരിദ്രരാഷ്ട്രങ്ങളെല്ലാം അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സമ്പന്നരാഷ്ട്രങ്ങള്‍ക്കും ആയിരകണക്കിനു കോടി രൂപയാണു നല്‍കാനുള്ളത്. ആഫ്രിക്കയുടെ പൊതുക്കടം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചൈനയ്ക്കു മാത്രം നല്‍കാനുള്ളത് 14,500 കോടി ഡോളറാണ്. സമ്പന്ന രാജ്യങ്ങളും പ്രധാന വികസ്വര രാജ്യങ്ങളുമടങ്ങുന്ന ജി 20 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥര്‍ കടാശ്വാസം ചര്‍ച്ച ചെയ്യുന്നതിന് ഈയാഴ്ച സമ്മേളിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org