മലബാര്‍ മേഖലയ്ക്ക് ചങ്ങനാശേരി അതിരൂപതയുടെ കൈത്താങ്ങ്

ചങ്ങനാശേരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തത്തില്‍പ്പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി ചങ്ങനാശേരി അതിരൂപത. മലബാര്‍ മേഖലയിലെ നാനാജാതി മതസ്ഥര്‍ക്കായുള്ള ഭവനനിര്‍മ്മാണ പുനരധിവാസ പദ്ധതികളില്‍ സാധ്യമായ വിധത്തില്‍ സഹകരിക്കുവാന്‍ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗം തീരുമാനിച്ചു.

ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള അടിയന്തിര സഹായം എന്ന നിലയില്‍ യുവജന പ്രസ്ഥാനമായ യുവദീപ്തി എസ്.എം.വൈ. എം.ന്‍റെയും സാമൂഹിക ക്ഷേമ വിഭാഗമായ ചാസ്സിന്‍റെയും, ചാരിറ്റി വേള്‍ഡിന്‍റെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലേക്ക് അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അതിരൂപതയിലെ വിവിധ ഫൊറോനാ വികാരിമാരുടെ മേല്‍നോട്ടത്തില്‍ കുടുംബകൂട്ടായ്മാ ഭാരവാഹികളുടെയും സംഘടനാ പ്രതിനിധികളുടെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയെ തുടര്‍ന്ന് സഹായിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ആന്‍റണി തലച്ചെല്ലൂര്‍, അഡ്വ. ജോജി ചിറയില്‍, ഫാ. റ്റെജി പുതു വീട്ടില്‍കളം എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org