മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍; മോണ്‍. കൊച്ചുപുരയ്ക്കല്‍ പാലക്കാട് രൂപത സഹായമെത്രാന്‍

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍; മോണ്‍. കൊച്ചുപുരയ്ക്കല്‍ പാലക്കാട് രൂപത സഹായമെത്രാന്‍

കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും സീറോ മലബാര്‍ സഭയുടെ സിനഡില്‍ തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്‍റെ സമാപനത്തിലാണ് പുതിയ മെത്രാന്മാരുടെ നിയമനങ്ങള്‍ അറിയിച്ചത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍. 75 വയസ്സ് പൂര്‍ത്തിയാക്കി സഭാനിയമപ്രകാരം രാജി സമര്‍പ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി മെത്രാനായി സേവനം ചെയ്യുന്ന മാര്‍ ജോസ് പുളിക്കലിനെ പുതിയ മെത്രാനായി സിനഡ് തെരഞ്ഞെടുത്തത്. പാലക്കാട് രൂപത ഭരണനിര്‍വ്വഹണത്തില്‍ സഹായമെത്രാന്‍ വേണമെന്ന രൂപതാദ്ധ്യക്ഷന്‍റെ ആവശ്യ പ്രകാരമാണ് പാലക്കാട് രൂപതയ്ക്ക് സഹായമെത്രാനെ സിനഡ് തിരഞ്ഞെടുത്തത്.

പാലക്കാട് രൂപതയുടെ സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ 1964-ല്‍ പാലാ രൂപതയിലെ മരങ്ങോലിയിലാണ് ജനിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തു. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഭാ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. രൂപതാ മൈനര്‍ സെമിനാരി റെക്ടറായും ജുഡീഷ്യല്‍ വികാരിയായും സേവനം ചെയ്തു. രൂപതാ ചാന്‍സലര്‍, സെമിനാരിക്കാരുടെയും സമര്‍പ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ഇപ്പോള്‍ രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിതനാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org