കാലാവസ്ഥാവ്യതിയാനം ഒരു ധാര്‍മ്മികപ്രശ്നം -വത്തിക്കാന്‍

കാലാവസ്ഥാവ്യതിയാനം ഒരു ധാര്‍മ്മിക പ്രശ്നമാണെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. സമത്വത്തിന്‍റെയും സാമൂഹ്യനീതിയുടെയും സാഹചര്യത്തില്‍ അടിയന്തിര നടപടികളാവശ്യപ്പെടുന്ന ഒരു വിഷയമാണിതെന്നു ശാസ്ത്രീയവിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക എന്നത് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു കാര്യമല്ല. ഉപഭോഗപ്രവണതകള്‍, വിദ്യാഭ്യാസം, ജീവിതശൈലി എന്നിവയെല്ലാമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണത്. സാങ്കേതികമെന്നതിനേക്കാള്‍ ധാര്‍മ്മികമാണത് – കാര്‍ഡിനല്‍ പറഞ്ഞു. കാലാവസ്ഥാവ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരുന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍.

ദാരിദ്ര്യത്തെ ലഘൂകരിക്കുകയും സമഗ്രമനുഷ്യവികസനം സാദ്ധ്യമാക്കുകയും ചെയ്തുകൊണ്ട്, കൃത്യമായ ഒരു ധാര്‍മ്മികാടിത്തറമേല്‍ നിന്നു കൊണ്ട് പാരീസ് ഉടമ്പടി നടപ്പാക്കണമെന്നു കാര്‍ഡിനല്‍ ആവശ്യപ്പെട്ടു. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതു സംബന്ധിച്ച പാരീസ് ഉടമ്പടി 2020 ലാണു നടപ്പാകുക. ആഗോളതാപനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഓരോ രാഷ്ട്രത്തേയും പ്രേരിപ്പിക്കുക എന്നതാണ് ഉടമ്പടിയുടെ ലക്ഷ്യം. ഏതാണ്ട് ഒരു ഡസന്‍ രാജ്യങ്ങളൊഴികെ മറ്റെല്ലാ ലോകരാജ്യങ്ങളും ഉടമ്പടിയുടെ ഭാഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org