‘കര്‍മല കേരളം’ കൊളോക്വിയം

‘കര്‍മല കേരളം’ കൊളോക്വിയം

കൊച്ചി: ഇന്ത്യയില്‍ കര്‍മലീത്താ മിഷന്‍റെ 400-ാം വാര്‍ഷികം ആഘോഷിച്ചു. പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തിന്‍റെ മഞ്ഞുമ്മല്‍ പത്താം പീയൂസ് പ്രോവിന്‍സിന്‍റെ സഹകരണത്തോടെ 'ഭാരതത്തില്‍ കര്‍മല സാകല്യത്തിന്‍റെ 400 വര്‍ഷങ്ങള്‍ (1619-2019): കര്‍മല കേരളവും വരാപ്പുഴ അതിരൂപതയും' എന്ന കൊളോക്വിയം സംഘടിപ്പിച്ചു. എറണാകുളം കാര്‍മല്‍ ഹാളില്‍ ഏകദിന വിചാരസദസ് കേരള പൊലീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷനായിരുന്നു.

മലയാളക്കരയില്‍ കര്‍മലീത്തരുടെ ആഗമനം: ചരിത്രഭാഗധേയം മാറ്റിക്കുറിച്ച അനുരഞ്ജന ദൗത്യം എന്ന സെഷനില്‍ ഷെക്കീന ടെലിവിഷന്‍ ഡയറക്ടര്‍ ന്യൂസ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസും, കര്‍മലീത്തരും കേരള ക്രൈസ്തവരുടെ ആധ്യാത്മിക നവീകരണവും എന്ന സെഷനില്‍ ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂരും പ്രബന്ധം അവതരിപ്പിച്ചു.

നവോത്ഥാനത്തിന്‍റെ മുദ്രാങ്കനങ്ങള്‍ എന്ന സെഷനില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ സാമൂഹിക മാറ്റത്തിന്‍റെ കര്‍ത്തൃത്വനിദര്‍നങ്ങള്‍ എന്ന വിഷയവും, എറണാകുളം സെന്‍റ ് തെരേസാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ട്രീസാ സിഎസ്എസ്ടി ജ്ഞാനവ്യവ സ്ഥയിലെ സമഗ്ര വിപ്ലവം: സാര്‍വത്രിക വിദ്യാഭ്യാസത്തിന് പള്ളിക്കൂടം ശൃംഖലകള്‍ എന്ന വിഷയയവും, എറണാകുളം സെന്‍റ ് ആല്‍ബര്‍ട്സ് കോളജ് മലയാളം വകുപ്പ് മുന്‍ അധ്യക്ഷന്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി മലയാള ഭാഷ, പ്രസാധനം, മാധ്യമശുശ്രൂഷ: മാനവികതയുടെ പൊതുബോധ നിര്‍മിതി എന്ന വിഷയവും അവതരിപ്പിച്ചു.

തനതു സംസ്കൃതിയില്‍ കര്‍മലീത്താ സ്വത്വസംക്രമണം: തദ്ദേശീയ അര്‍പ്പിത സമൂഹങ്ങളുടെ ആനുകാലിക സാക്ഷ്യം എന്ന വിഷയം എറണാകുളം സെക്യുലര്‍ കാര്‍മല്‍ ഡയറക്ടര്‍ റവ. ഡോ. സഖറിയാസ് കരിയിലക്കുളവും, വരാപ്പുഴ അതിരൂപതയും കര്‍മലീത്താ പൈതൃകവും: ഭാവിയിലേക്കുള്ള ഈചുവടുവയ്പുകള്‍ എന്ന വിഷയം ഫാ. സേവ്യര്‍ പടിയാരംപറമ്പിലും (പുനെ ഗോയ് ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്) അവതരിപ്പിച്ചു.

കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തിന്‍റെ ചരിത്ര പൈതൃക മുദ്രകളും കേരളീയരുടെ സാംസ്കാരിക, സാമൂഹിക, ആധ്യാത്മിക ജീവിതത്തിന്‍റെ ഭാഗമായ കര്‍മല പ്രതീകങ്ങളും ഉള്‍പ്പെടുന്ന ഫ്ളോസ് കര്‍മേലി എക്സിബിഷന്‍ ഇതോടനുബന്ധിച്ച് കാര്‍മല്‍ ഹാളില്‍ ഒരുക്കി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുസിരിസ് ഹെരിറ്റേജ് പ്രോജക്ടുകളുടെ ഉപദേഷ്ടാവും എഴുത്തുകാരനും ഇലസ്ട്രേറ്ററുമായ ബോണി തോമസാണ് ഫ്ളോസ് കര്‍മേലി ക്യുറേറ്റ് ചെയ്തത്.

കേരളത്തിലെ ലത്തീന്‍ സഭയുടെയും സമുദായത്തിന്‍റെയും അനന്യമായ ചരിത്രവും പൈതൃകവും വീണ്ടെടുത്ത് തലമുറകള്‍ക്കു പകര്‍ന്നുനല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ കൊളോക്വിയവും പ്രദര്‍ശനവുമെന്ന് വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ മോണ്‍. ജോസഫ് പടിയാരം പറമ്പില്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി എന്നിവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org