‘കരുതല്‍ പാട്ട്’ ഒരുക്കി ഭിന്നശേഷിക്കാരായ ഗായകര്‍

കൊച്ചി: കോവിഡ്-19 ന്‍റെ പ്രതിരോധത്തില്‍ കൈകോര്‍ക്കുന്നവര്‍ക്കു പാട്ടിലൂടെ കൃതജ്ഞതയറിയിച്ചു ഭിന്നശേഷിക്കാരായ കലാകാരന്മാര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗമായ സഹൃദയയുടെ കീഴിലുള്ള 'സഹൃദയ മെലഡീസി'ലെ ഗായകര്‍ പാടിയ കരുതല്‍ പാട്ട് എന്ന വീഡിയോ ആല്‍ബം യുട്യൂബിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കണ്ടത് പതിനായിരങ്ങളാണ്.

കയ്യടിച്ചിടാം നന്ദിയോടെയോര്‍ത്തിടാം, കരുതലോടെ നാടിനെ കാത്ത കര്‍മ ദൂതരെ… എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ഉള്ളടക്കം കോവിഡിനെതിരെ പോരാടുന്ന ഭരണരംഗത്തുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, നീതിപാലകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം നന്ദിയറിയിക്കുന്നതാണ്. നടന്‍ മമ്മൂട്ടി പിന്നീട് തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ ഈ പാട്ട് ഷെയര്‍ ചെയ്തു.

ഭിന്നശേഷിയുള്ള ഗായകരായ സജി മലയാറ്റൂര്‍, ആരാധന അശോകന്‍, ഡിക്സണ്‍ സേവ്യര്‍, അനില്‍ ശ്രീമൂലനഗരം, സാബു വരാപ്പുഴ, പ്രദീപ് പെരുമ്പാവൂര്‍, സൗമ്യ ജോയി, മനീഷ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണു ഗാനത്തിനു ശബ്ദം നല്കിയത്. ഓരോരുത്ത രും സ്വന്തം വീടുകളിലിരുന്നു ആലപിച്ച വരികള്‍ പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍റെ സഹകരണത്തോടെയാണു വീഡിയോ ആല്‍ബമാക്കിയതെന്നു സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളി, ഫാ. ജിനോ ഭരണികുളങ്ങര എന്നിവര്‍ അറിയിച്ചു.

ജീസ് പി. പോളിന്‍റേതാണു വരികള്‍, ഫാ. ജേക്കബ് കോറോത്ത് എഡിറ്റിംഗും ഫാ. ജെയിംസ് തൊട്ടിയില്‍ വിഷ്വല്‍ കോ ഓര്‍ഡിനേഷനും നിര്‍വഹിച്ചു. വിവിധ മേഖലകളിലെ കോവിഡ് പ്രതിരോധ, ബോധവത്കരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org