ജീവനുവേണ്ടിയുള്ള ഓരോ പ്രയത്നവും ഈസ്റ്ററാഘോഷം : കെസിബിസി

ജീവനുവേണ്ടിയുള്ള ഓരോ പ്രയത്നവും ഈസ്റ്ററാഘോഷം : കെസിബിസി

കോവിഡ് 19 ന്‍റെ ഫലമായി പീഡാസഹനമരണങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തില്‍ ജീവന്‍റെയും സ്നേഹത്തിന്‍റെയും ആത്യന്തിക വിജയമാണ് യേശുക്രിസ്തുവിന്‍റെ തിരുവുത്ഥാനം സൂചിപ്പിക്കുന്നതെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ കേരളത്തോലിക്കാ മെത്രാന്‍ സമിതി വ്യക്തമാക്കി. ജീവനുവേണ്ടിയുള്ള ഓരോ സ്നേഹാധിഷ്ഠിത പ്രയത്നവും ഒരു ഈസ്റ്ററാഘോഷമാണ്. മാരകമായ പ്രതിസന്ധികള്‍ക്കിടയിലും സ്വന്തം ജീവന്‍പോലും അപകടത്തിലാക്കിക്കൊണ്ട് മറ്റുള്ളവരുടെ ജീവനെ രക്ഷിക്കാനും അവരെ ശുശ്രൂഷിക്കാനുമായി ഇറങ്ങിത്തിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ-ഭരണരംഗങ്ങളിലെ നേതാക്കളും നമുക്ക് പ്രത്യാശയുടെ അടയാളങ്ങളാണ്. തിന്മയെ തിന്മകൊണ്ടല്ല, സ്നേഹവും ക്ഷമയും കാരുണ്യവും കൊണ്ടാണ് അതിജീവിക്കേണ്ടതെന്നും അന്തിമവിജയം സ്നേഹത്തിനും പ്രത്യാശയ്ക്കുമാണെന്നും ഈസ്റ്റര്‍ വ്യക്തമാക്കുന്നു. സമാധാനവും അനുരഞ്ജനവും സാഹോദര്യവും സ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഉയിര്‍പ്പുതിരുനാള്‍ സഹായിക്കട്ടെയെന്ന് കെസിബിസി പ്രസിഡന്‍റ് മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി, വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org