സ്കൂളുകളുടെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍

അംഗന്‍വാടികള്‍, നഴ്സറി സ്കൂളുകള്‍, ഇതരവിദ്യാഭ്യാസ സാങ്കേതിക പഠന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ബില്‍ഡിംഗ് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള്‍ പ്രസ്തുത സ്ഥാപനങ്ങളിലെ മേല്‍ക്കൂരകള്‍ ആസ്ബസ്റ്റോസ്, ടിന്‍ഷീറ്റുകള്‍, അലൂമിനിയം ഷീറ്റുകള്‍ എന്നിവയില്‍ നിര്‍മ്മിതമല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഫിറ്റ്നസ്സ് നല്കുവാന്‍ പാടുള്ളൂ എന്ന പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് ഈ വര്‍ഷം സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ്സ് ലഭിക്കുന്നതിന് തടസ്സമാകുമെന്നതിനാല്‍ അത് റദ്ദാക്കുകയോ ഭേദഗതികള്‍ വരുത്തുകയോ ചെയ്യണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതിജീവനത്തിനായി കേരളജനത ഒറ്റക്കെട്ടായി സഹകരിച്ചു മുന്നേറുമ്പോള്‍, സ്കൂളുകള്‍ എന്നു തുറക്കാന്‍ സാധിക്കുമെന്ന് ചിന്തിക്കാന്‍പോലും പറ്റാത്ത സാഹചര്യത്തില്‍ 2020 മേയ് 31-നു മുമ്പായി ആസ്ബസ്റ്റോസ് ഷീറ്റ് മാത്രമല്ല ടിന്‍, അലൂമിനിയം ഷീറ്റുകളും മാറ്റി ക്രമീകരിക്കുന്ന കെട്ടിടങ്ങള്‍ക്കു മാത്രം ഫിറ്റ്നസ്സ് നല്കിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് എഞ്ചിനീയര്‍മാര്‍ക്കു നല്കിയിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പഴക്കംചെന്ന കെട്ടിടങ്ങളുടെയെല്ലാം മേല്‍ക്കൂര ഷീറ്റ്, ഓട്, ആസ്ബസ്റ്റോസ് എന്നിവയാല്‍ നിര്‍മ്മിതമാണ്. ഈ കെട്ടിടങ്ങളെല്ലാം കോണ്‍ക്രീറ്റു ചെയ്യണമെങ്കില്‍ അതിനുള്ള സംവിധാനങ്ങളോടെ പുതിയതായി നിര്‍മ്മിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളൂ. മേല്‍ക്കൂര ഷീറ്റിടുവാനുള്ള കെട്ടിടം കോണ്‍ക്രീറ്റുവാര്‍ക്കയ്ക്കുള്ള മാനദണ്ഡമനുസരിച്ചല്ല നിര്‍മ്മിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവില്‍ 2 വര്‍ഷം സാവകാശം അനുവദിക്കുമ്പോള്‍ ഈ അധ്യയനവര്‍ഷംതന്നെ നടപ്പിലാക്കണമെന്ന നിര്‍ബന്ധത്തിന്‍റെ അടിസ്ഥാനം വ്യക്തമല്ല. അതിനാല്‍ ഇതുസംബന്ധിച്ച കോടതിവിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്‍റെയും പരിധികള്‍ ലംഘിച്ചുകൊണ്ടുള്ള പഞ്ചായത്ത് ഡയറക്ടറുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും ഉത്തരവുകള്‍ റദ്ദാക്കുവാനും അത്യാവശ്യം വേണ്ട ക്രമീകരണങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സാവകാശം നിലനിറുത്തുവാനും ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിവയ്ക്കാനും സര്‍ക്കാര്‍ തയ്യാറാകണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org