കെ.സി.ബി.സി. മദ്യവിരുദ്ധ ഞായര്‍ ആചരിച്ചു

കേരള കത്തോലിക്കാസഭ മാര്‍ച്ച് 8 മദ്യവിരുദ്ധ ഞായറായി ആചരിച്ചു. സഭയുടെ സീറോ മലബാര്‍ ലത്തീന്‍ മലങ്കര റീത്തുകളിലെ ദേവാലയങ്ങളില്‍ മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്‍റെ സന്ദേശം ദിവ്യബലി മധ്യേ വായിച്ചു.

മദ്യവും ലഹരിവസ്തുക്കളും പൂര്‍ണ്ണമായും ഉപേക്ഷിക്കാനും ശക്തമായ പോരാട്ടം നടത്തുവാനും അതുവഴി ലഹരിവിരുദ്ധ സമൂഹത്തിനു രൂപം നല്കുവാനുമുള്ള സന്ദേശമാണ് മദ്യവിരുദ്ധ ഞായറിലൂടെ നല്‍കപ്പെട്ടത്. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം  ഭീതിജനകമാംവിധം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന അനുഭവം സാധാരണമായിക്കൊണ്ടിരിക്കുന്നതായും ഈ പശ്ചാത്തലത്തില്‍ ഇവയുടെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സഭ ഏറ്റെടുക്കുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്നും ലഹരിവിരുദ്ധ സമൂഹ രൂപീകരണത്തിലൂടെ സാമൂഹ്യനന്മ സംജാതമാകണമെന്നും ലഹരിവിരുദ്ധ ഞായറിനോടനുബന്ധിച്ചുള്ള കെ.സി.ബി.സി.യുടെ സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കാരിന്‍റെ മദ്യനയത്തെ ശക്തമായ ഭാഷയിലാണ് സര്‍ക്കുലറില്‍ വിമര്‍ശിച്ചിരിക്കുന്നത്. മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്ന നിലപാടുകളല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് മദ്യവര്‍ജ്ജന നയത്തെതന്നെ നിര്‍വീര്യമാക്കുന്നു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര സ്വഭാവമുളളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്കിയത് പ്രകടനപത്രികയ്ക്ക് തന്നെ എതിരായ കാര്യമാണ്. ഇക്കാര്യതതില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിര്‍വഹിക്കുന്നതില്‍ പ്രതിപക്ഷത്തിന്‍റെ പങ്കും പരിശോധനാ വിഷയമാക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org