മയക്കുമരുന്നു ലോബികള്‍ ശക്തിയാര്‍ജ്ജിക്കുന്നു – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Published on

സംസ്ഥാനത്ത് മയക്കുമരുന്ന് ലോബികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് നാടിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അഭിപ്രപായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ ഭാഗിക മദ്യനിരോധനമാണ് മയക്കുമരുന്ന് വര്‍ദ്ധിക്കാന്‍ കാരണമെന്ന് പ്രചരിപ്പിച്ചവര്‍ സംസ്ഥാനത്ത് മദ്യം വ്യാപകമായിട്ടും മയക്കുമരുന്ന് ലോബികള്‍ ശക്തിയാര്‍ജ്ജിച്ചതിന്‍റെ കാരണം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോനാ പാരീഷ് ഹാളില്‍ നടന്ന ലഹരിവിരുദ്ധ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

ലോകത്തു കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. യുദ്ധസമാനമായ അന്തരീക്ഷം ലോകത്തിന്‍റെ പല ഭാഗത്തും നിലനില്‍ക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ഉറവിടം മയക്കുമരുന്ന് ശൃംഖലകളാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും അക്രമങ്ങളുടെയും പിന്നില്‍ മദ്യ-മയക്കുമരുന്ന് ലോബികളുടെ ശക്തമായ പ്രേരണയും സാന്നിദ്ധ്യവുമുണ്ട്. പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാത്രികാല ഡ്യൂട്ടിയില്‍ ഉള്ളവര്‍ മദ്യപിച്ചതിന് ശേഷമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിന്‍റെ ഉത്തമ തെളിവാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ നടന്ന ഉരുട്ടിക്കൊല. മദ്യപാനത്തിന്‍റെ പേരില്‍ പോലും പിടിച്ചുകൊണ്ടുവരുന്ന പ്രതികളെ മദ്യപിച്ച പോലീസുകാര്‍ കൈകാര്യം ചെയ്യുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഏറ്റവും ജാഗ്രത പാലിക്കേണ്ട ഇലക്ട്രിസിറ്റി ഓഫീസുകളില്‍ പോലും രാത്രികാലങ്ങളില്‍ ജീവനക്കാര്‍ ഡ്യുട്ടിക്കിടയില്‍ മദ്യപിക്കുന്നു. രാത്രികാല ജോലിയുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിശോധനകള്‍ നടത്തണം – സമ്മേളനം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഫാ. ജോസ് പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു കടന്തോട്, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, ജോസ്മോന്‍ പുഴക്കരോട്ട്, ജോസ് കവിയില്‍, ആകാശ് ആന്‍റണി, ജിജി പേരകശ്ശേരി,മറിയമ്മ ലൂക്കോസ്. ഡെയ്സമ്മ ചൊവ്വാറ്റുകുന്നേല്‍, ബെന്നി കൊള്ളിമാക്കിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org