മദ്യവ്യാപാരം മൗലികാവകാശമല്ല; ഹൈക്കോടതി നിരീക്ഷണം ചരിത്രപരം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യവ്യാപാരം മറ്റ് ബിസിനസുകള്‍ പോലെ മൗലികാവകാശമല്ലെന്നും മനുഷ്യന്‍റെ സ്വകാര്യത ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ ഈ വ്യാപാരത്തിന്‍റെ പേരില്‍ ലംഘിക്കപ്പെടരുതെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം ചരിത്രപരമെന്നും കേരളസര്‍ക്കാര്‍ ഈ നിരീക്ഷണം കണ്ടില്ലെന്ന് നടിക്കരുതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.

മദ്യവര്‍ജ്ജനം പറയുന്ന ഇടതുസര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് 565 ബാര്‍ ഹോട്ടലുകളും 365 ബിയര്‍-വൈന്‍ പാര്‍ലറുകളും അനുവദിച്ചു എന്നുള്ള എക്സൈസ് വകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം ഇടതുമുന്നണിയുടെ മദ്യവര്‍ജ്ജനത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്. മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ മദ്യം വിറ്റ് സ്വത്തിനും ജീവനും ഭീഷണിയാവുകയാണ്. മദ്യവും മയക്കുമരുന്നും മൂലം കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ഭവിഷ്യത്തിനെ നേരിടാന്‍വേണ്ടി ഈ സര്‍ക്കാര്‍ മുടക്കിയ തുക എത്രയെന്നും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും മറ്റ് ദുരന്തങ്ങളും ഈ കാലയളവില്‍ എത്ര സംഭവിച്ചുവെന്നും നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. കഴിഞ്ഞ നാല് വര്‍ഷത്തെ വിദേശമദ്യത്തിന്‍റെ മാത്രമുള്ള മലയാളിയുടെ കുടി 47087 കോടി രൂപയുടേതാണെന്നുള്ള കണക്ക് മദ്യവര്‍ജ്ജനം പ്രഹസനമായിരുന്നുവെന്നും ഫലവത്തായില്ലെന്നതിനുമുള്ള വ്യക്തമായ തെളിവാണ്. അല്പമെങ്കിലും കരുണ പൊതുജനത്തോടുണ്ടെങ്കില്‍ ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനത്തിലൂടെ മദ്യവര്‍ജ്ജനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്‍റണി, ഫാ പോള്‍ കാരാച്ചിറ, ജോസ് ചെമ്പിശ്ശേരില്‍, സി. റോസ്മിന്‍ സി. എസ്.എന്‍., ഷിബു കാച്ചപ്പള്ളി, തങ്കച്ചന്‍ വെളിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ആന്‍റണി ജേക്കബ്, വി. ഡി. രാജു, രാജന്‍ ഉറുമ്പില്‍, വൈ. രാജു, ബനഡിക്ട് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org