മദ്യനിര്‍മ്മാതാക്കള്‍ കേന്ദ്രത്തെ സമീപിച്ചത് അധാര്‍മ്മികം; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

ലോക്ക്ഡൗണ്‍ മൂലം മദ്യനിര്‍മ്മാണ-വിതരണ മേഖല പ്രതിസന്ധിയിലാണെന്നും തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കണമെന്നും സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന മദ്യനിര്‍മ്മാതാക്കളുടെ നടപടി അധാര്‍മ്മികമെന്നും ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന് ഹര്‍ജി നല്‍കുമെന്നും kcbc മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. കൊറോണ വൈറസിനേക്കാള്‍ ദുരന്തം വിതച്ചുകൊണ്ടിരുന്ന മദ്യത്തിന് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ താല്ക്കാലിക വിലക്കേര്‍പ്പെടുത്തിയതിന്‍റെ ഗുണഫലങ്ങള്‍ രാജ്യം ഇന്ന് തിരിച്ചറിയുകയാണ്. മദ്യാസക്തരെല്ലാം തന്നെ മദ്യം ലഭിക്കാതിരിക്കുന്നതുമൂലമുള്ള പിന്‍മാറ്റ അസ്വസ്ഥതകളില്‍നിന്നും മോചിതരായിക്കൊണ്ടിരിക്കുന്നു. തന്മൂലം വ്യക്തിയും, കുടുംബങ്ങളും പൊതുസമൂഹവും സമാധാനാന്തരീക്ഷത്തില്‍ കഴിയുന്നത് മദ്യനിര്‍മ്മാതാക്കള്‍ കണ്ടില്ലെന്ന് നടിക്കരുത്.

നാളിതുവരെ മദ്യം ലഭിക്കാതെ മരിച്ചവരേക്കാള്‍ മദ്യം കഴിച്ച് മരിച്ചവരാണെന്നുള്ള സത്യം മദ്യനിര്‍മ്മാതാക്കള്‍ ഉള്‍ക്കൊള്ളണം. നിലവിലുള്ള സാഹചര്യത്തില്‍ വ്യാജമദ്യവില്പന വര്‍ദ്ധിക്കുമെന്നും സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വം മദ്യനിര്‍മ്മാതാക്കള്‍ക്കില്ല. മദ്യശാലകള്‍ ഇനി തുറന്നു പ്രവര്‍ത്തിച്ചാല്‍ മദ്യപാനാസക്തിയില്‍ നിന്നും താല്ക്കാലികമായി മുക്തി നേടിയിരിക്കുന്നവര്‍ വീണ്ടും മദ്യപിക്കുന്ന സാഹചര്യമുണ്ടായാല്‍ പഴയതിലും ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org