സ്വകാര്യബില്‍ നിര്‍ഭാഗ്യകരം -കെ സി ബി സി വിധവാ ഫോറം

സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ നിഷേധിക്കണം എന്നുള്ള സ്വകാര്യബില്‍ നിര്‍ഭാഗ്യകരമെന്ന് കെസിബിസി വിധവാ ഫോറം (നവോമി യുദിത്ത് ഫോറം) അഭിപ്രായപ്പെട്ടു. രണ്ടു മക്കളില്‍ കൂടിയാല്‍ ആ കുടുബത്തിന് അര്‍ഹതയുള്ള സബ്സിഡി അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കണമെന്ന നിബന്ധനയാണ് ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജനസംഖ്യാ നിയന്ത്രണ നടപടി ആരംഭിച്ചതാണ്. ജനസംഖ്യാ നിയന്ത്രണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദുരുദ്ദേശപരമാണെന്ന് കത്തോലിക്കാസഭ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗം വിലയിരുത്തി. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു.

ജീവന്‍റെ മൂല്യത്തെക്കുറിച്ച് ആഴത്തില്‍ അവബോധമുള്ള ഒരു ജനതയും, ജീവന് വില മതിക്കുന്ന സംസ്കാരവുമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യം ഇത്തരത്തില്‍ ഒരു നിയമനടപടിക്ക് ഒരുങ്ങുന്നത് ശരിയായ നടപടിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. കെസിബിസി വിധവാ ഫോറം സംസ്ഥാന പ്രസിഡന്‍റ് ഷീബ ഡ്യുറോം, ജനറല്‍ സെക്രട്ടറി ഫിലോമിന തോമസ്, വൈസ് പ്രസിഡന്‍റ് ഷെറില്‍ ലുയിസ്, മരിയ അബ്രാഹം, ഷീല ആന്‍റണി, മിനി ജോണ്‍സണ്‍, മേരി ജോണ്‍, സരളമ്മ ജോണ്‍, ഏലിയാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org