പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യമൊരുക്കി കേരള സഭയിലെ ധ്യാന കേന്ദ്രങ്ങള്‍

പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യമൊരുക്കി കേരള സഭയിലെ ധ്യാന കേന്ദ്രങ്ങള്‍

കോവിഡ് 19 പ്രതിരോധത്തിനായി കത്തോലിക്കാ സഭയുടെ ധ്യാനകേന്ദ്രങ്ങളും ഇതര സ്ഥാപനങ്ങളും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത് സര്‍ക്കാരിനും പ്രവാസികള്‍ക്കും ആശ്വാസമാകുന്നു. സര്‍ക്കാര്‍ നിരവധി കോളജ് ഹോസ്റ്റലുകളും മറ്റും ക്വാറന്‍റൈന്‍ സെന്‍ററുകളാക്കാന്‍ ഏറ്റെടുത്തിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ വേണമെന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം അവയില്‍ പലതിനും തടസ്സമായതോടെയാണ് ധ്യാന കേന്ദ്രങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നത്. കത്തോലിക്ക സഭ നേരത്തെതന്നെ ധ്യാനകേന്ദ്രങ്ങളും ഇതരസ്ഥാപന സൗകര്യങ്ങളും ക്വാറന്‍റൈന്‍ സെന്‍ററുകളായി സര്‍ക്കാരിനു വിട്ടുകൊടുത്തിരുന്നു.

മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാന കേന്ദ്രം, പോട്ട ആശ്രമം, പരിയാരത്തെ സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ റിയലൈസേഷന്‍(സിഎസ്ആര്‍) എന്നീ ധ്യാനകേന്ദ്രങ്ങളും തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളി ടെക്നിക്കിലെ ആനിമേഷന്‍ സെന്‍ററുമാണ് തൃശൂര്‍ ജില്ലയിലെ പ്രധാന ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രം, കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്‍റര്‍, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടു ഹോസ്റ്റലുകള്‍, മൂവാറ്റുപുഴ നിര്‍മലാ കോളജ്, ഫാര്‍മസി കോളജ് എന്നിവയോടനുബന്ധിച്ചുള്ള മൂന്നു ഹോസ്റ്റലുകള്‍ എന്നിവയും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ്.

ഇടുക്കി രൂപതയുടെ കീഴിലെ നെടുങ്കണ്ടം കരുണാ ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി വിട്ടുനല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രവും തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ശാന്തിനിലയവും പത്തനംതിട്ട രൂപതയുടെ തുമ്പമണ്‍ ജെസി പീസ് ഫൗണ്ടേഷന്‍ കെട്ടിടവും ക്വാറന്‍റൈനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ പാലാ രൂപതയുടെ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം, കുമ്മണ്ണൂര്‍ സെന്‍റ് പീറ്റേഴ്സ് ഹോസ്റ്റല്‍, ചൂണ്ടശേരി സെന്‍റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റല്‍, കുറവിലങ്ങാട് ദേവമാതാ കോളജ് ഹോസ്റ്റല്‍ എന്നിവയും കോട്ടയം അതിരൂപതയുടെ കോതനല്ലൂര്‍ തൂവാനീസാ ധ്യാനകേന്ദ്രം, ബിസിഎം കോളജ് ഹോസ്റ്റല്‍ എന്നിവയും കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം എന്നിവയും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റി.

മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജ് കാമ്പസിലെ അഞ്ചു കേന്ദ്രങ്ങളാണ്ക്വാറന്‍റൈന്‍ കേന്ദ്രങ്ങളായി കൈമാറിയിരിക്കുന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള വെള്ളയമ്പലം ആനിമേഷന്‍ സെന്‍റര്‍, ചങ്ങനാശേരി അതിരൂപതയുടെ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ്, താമരശേരി രൂപതയിലെ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്‍റര്‍ തുടങ്ങിയവയും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org