വിശ്വാസപരിശീലന രംഗത്ത് നവീന ചുവടുവയ്പുമായി കിഡ്കാറ്റ്

വിശ്വാസപരിശീലന രംഗത്ത് നവീന ചുവടുവയ്പുമായി കിഡ്കാറ്റ്

വിശ്വാസ പരിശീലന രംഗത്തു നവീനമായ ചുവടുവയ്പുമായി എറണാകുളം അങ്കമാലി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ആവിഷ്കരിച്ച കിഡ്കാറ്റ് പരിപാടി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്‍റണി കരിയില്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലനം കൂടുതല്‍ ആകര്‍ഷകവും അനുഭവവേദ്യവുമാക്കുന്നതിനുള്ള സംരംഭമാണ് കിഡ്കാറ്റ്. പുതിയ കാലഘട്ടത്തില്‍ വിശ്വാസപരിശീലനം കാര്യക്ഷമമാക്കാനുള്ള ക്രിയാത്മകശ്രമം ശ്ലാഘനീയമാണെന്ന് മാര്‍ കരിയില്‍ പറഞ്ഞു. രസകരമായ ഗെയിമുകളിലൂടെയും ആക്ടിവിറ്റികളിലൂടെയും വിശ്വാസവും ബൈബിളും, വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട ആശയങ്ങളും തിരിച്ചറിവുകളും കുട്ടികളിലേക്കു പകര്‍ന്നു നല്കുന്ന പദ്ധതിയാണു കിഡ്കാറ്റ്. ഇതു ലഭ്യമാകുന്ന www.mykidcat.com എന്ന വെബ് സൈറ്റും ആര്‍ച്ചുബിഷപ് പ്രകാശനം ചെയ്തു.

കിഡ്കാറ്റ് സംരംഭത്തിലെ ആദ്യത്തെ ഗെയിമായ ലിങ്ക് 2 വിന്‍റെ വിതരണം അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോസ് പുതിയേടത്തിനു നല്കി ആര്‍ച്ചുബിഷപ് ഉദ്ഘാടനം ചെയ്തു. ലിങ്ക് 2 ബൈബിള്‍ പഴയനിയമത്തിലെ 21 ചരിത്രപുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന കാര്‍ഡ് പ്ലേ ഗെയിമാണ്. 56 കാര്‍ഡുകളിലായി നല്കിയിട്ടുള്ള ഐക്കണുകള്‍ ഉപയോഗിച്ചുള്ള ഈ ഗ്രൂപ്പ് ഗെയിമിലൂടെ പ്രധാനപ്പെട്ട ബൈബിള്‍ സംഭവങ്ങളും വ്യക്തികളും ആകര്‍ഷകമായി മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുന്നതാണ്. വെബ്സൈറ്റിലൂടെ കിഡ്കാറ്റിലെ മറ്റു ഗെയിമുകളും ആക്ടിവിറ്റികളും ഉടന്‍ ലഭ്യമാക്കുമെന്നു വിശ്വാസ പരിശീലന കേന്ദ്രം അതിരൂപത ഡയറക്ടറും കിഡ്കാറ്റിന്‍റെ സ്ഥാപകനുമായ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു. വിശ്വാസപരിശീലനകേന്ദ്രം മുന്‍ ഡയറക്ടര്‍ റവ. ഡോ. ജോസ് ഇടശേരി, വൈസ് ചാന്‍സലര്‍ റവ. ഡോ. ബിജു പെരുമായന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജിയോ മാടപ്പാടന്‍, ഫാ. ഡാര്‍വിന്‍ ഇടശേരി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org