വെനിസ്വേലന്‍ ജനതയ്ക്കു സഹായവുമായി കൊളംബിയന്‍ സഭ

ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന വെനിസ്വേലായിലെ ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ വെനിസ്വേലായുമായി അതിര്‍ത്തി പങ്കിടുന്ന കൊളംബിയയിലെ കത്തോലിക്കാസഭ രംഗത്ത്. നിക്കോളാസ് മാദുറോയുടെ ഭരണത്തില്‍ അക്രമങ്ങളും സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും മൂലം ലക്ഷകണക്കിനു വെനിസ്വേലാക്കാരാണ് അതിര്‍ത്തി കടന്നു പലായനം ചെയ്തത്. ഇങ്ങനെ അഭയാര്‍ത്ഥികളായി എത്തുന്ന ആയിരങ്ങള്‍ക്ക് ദിവസവും ആഹാരവും താമസിക്കാന്‍ സ്ഥലവും നല്‍കിക്കൊണ്ടിരിക്കുകയാണ് കൊളംബിയായിലെ അതിര്‍ത്തിരൂപതകള്‍. പ്രതിപക്ഷനേതാവായിരുന്ന ജുവാന്‍ ഗ്വയിദോ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്‍റായി സ്വയം പ്രഖ്യാപിച്ചിരുന്നു. ഇത് അമേരിക്കയും യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളും നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥാനത്യാഗത്തിനു നിക്കോളാസ് മാദുറോ തയ്യാറല്ല. ഇതാണിപ്പോള്‍ വെനിസ്വേലാ നേരിടുന്ന പ്രതിസന്ധി.

നീതിനിഷ്ഠമായ തിരഞ്ഞെടുപ്പു നടത്താതെ അധികാരത്തില്‍ തുടരാനാണ് മാദുറോ ആഗ്രഹിക്കുന്നതെന്ന ആരോപണമാണ് വെനിസ്വേലായിലെ കത്തോലിക്കാസഭ ഉള്‍പ്പെടെ ഉന്നയിക്കുന്നത്. എന്നാല്‍ താന്‍ വിശ്വാസിയാണെന്നും പ്രശ്നപരിഹാരത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് മാദുറോ റോമിലേയ്ക്ക് കത്തയച്ചിരുന്നു. കത്തു കിട്ടിയ കാര്യം വത്തിക്കാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മാദുറോയെ അധികാരത്തില്‍ നിലനിറുത്തുന്നതിനു വെനിസ്വേലന്‍ സഭ തികച്ചും എതിരാണ്. മാര്‍പാപ്പയുടെ ഇടപെടല്‍ മാദുറോയ്ക്ക് അനുകൂലമാകുന്നതിനോടും അവര്‍ക്കു യോജിപ്പില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org