കര്‍ഷകദിനത്തില്‍ മത്സ്യകൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ച് കെ.എസ്.എസ്.എസ്

കര്‍ഷകദിനത്തില്‍ മത്സ്യകൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: കര്‍ഷകദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മത്സ്യകൃഷി വ്യാപന പദ്ധതിക്കു തുടക്കമായി. കെ.എസ്.എസ്. എസിന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കാമ്പസില്‍ നിര്‍മ്മിച്ച കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യൂ മൂലക്കാട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ടോമി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 5 സെന്റ് സ്ഥലത്തായി നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ എണ്ണായിരത്തോളം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. 6 മാസം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന ചിത്രലാട, റെഡ് തിലോപ്പിയ, ഗിഫ്റ്റ് തിലോപ്പിയ, അനാബസ്, ഗ്രാസ് കാര്‍പ്പ്, കാര്‍പ്പ് തുടങ്ങിയ മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയോടൊപ്പം വിഷമുക്തമായ മത്സ്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യവളര്‍ത്തല്‍ പദ്ധതിക്ക് കെ.എസ്.എസ്.എസ് തുടക്കം കുറിച്ചത്. ചൈതന്യ ഔട്ട്ലെറ്റിലൂടെ മത്സ്യങ്ങളുടെ വിപണനവും കെ.എസ്.എസ്.എസ് വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ ഗ്രാമങ്ങളിലുള്ള കര്‍ഷക സംഘങ്ങളിലൂടെയും മത്സ്യ കര്‍ഷകരിലൂടെയും മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനുള്ള കൃമീകരണങ്ങളും കെ.എസ്.എസ്.എസ് ചെയ്തുവരുന്നതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org