പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കുടുംബമിത്രാ പദ്ധതിയുമായി കെ.എസ്.എസ്.എസ്

പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കുടുംബമിത്രാ പദ്ധതിയുമായി കെ.എസ്.എസ്.എസ്
ഫോട്ടോ അടിക്കുറിപ്പ്: പ്രളയബാധിതര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കുടുംബമിത്ര പദ്ധതിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. ലിസ്സി ടോമി, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സജി തടത്തില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ബിജു കുമ്പിക്കന്‍, ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ എന്നിവര്‍ സമീപം.

കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് കൈത്താങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കുടുംബമിത്രാ പദ്ധതിക്ക് തുടക്കമായി. കോവിഡിനോടൊപ്പം പ്രളയവുമുണ്ടായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറി താമസിച്ച ആളുകള്‍ സ്വഭവനങ്ങളിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ ആവശ്യമായ ഭക്ഷ്യക്കിറ്റുകള്‍ ലഭ്യമാക്കുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ടോമി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി ഒളശ്ശ, കുമരകം, നീറിക്കാട്, പുന്നത്തുറ, സംക്രാന്തി, കുറുമുള്ളൂര്‍, കിഴക്കേ നട്ടാശ്ശേരി, പുതിയ കല്ലറ എന്നീ പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ ലഭ്യമാക്കി. അരി, പഞ്ചസാര, കടല, ചായപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ വരും ദിനങ്ങളില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org