കുടുംബങ്ങളില്‍ ദൈവഭയം നഷ്ടപ്പെട്ടാല്‍ ദേവാലയങ്ങള്‍ ശൂന്യമാകും

കുടുംബങ്ങളില്‍ ദൈവഭയം നഷ്ടപ്പെട്ടാല്‍ ദേവാലയങ്ങള്‍ ശൂന്യമാകും
Published on

ദൈവം വസിക്കുന്ന മനുഷ്യഭവനമാണു കുടുംബമെന്നും എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് കുടുംബങ്ങളാണെന്നും കുടുംബങ്ങളില്‍ ദൈവഭയം നഷ്ടപ്പെട്ടാല്‍ ദേവാലയങ്ങള്‍ ശൂന്യമാകുമെന്നും മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുസ്മരിപ്പിച്ചു. കുടുംബം ക്രിസ്തീയജീവിതത്തിന്‍റെ ഇരിപ്പിടവും സഭയുടെയും രാജ്യത്തിന്‍റെയും അടിസ്ഥാനവുമാണെന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദിനാള്‍ പറഞ്ഞു.

പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലെ ദൈവദാസന്‍ ആര്‍ച്ച്ബിഷപ് മാര്‍ ഈവാനിയോസ്, സഭാ തലവന്മാരായിരുന്ന ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, സിറിള്‍ ബസേലിയോസ് കാതോലിക്കാബാവ എന്നിവരുടെ കബറിടത്തില്‍ കാതോലിക്കാബാവായും മറ്റ് മെത്രാപ്പോലിത്താമാരും ധൂപപ്രാര്‍ത്ഥന നടത്തി. കാതോലിക്കാബാവാ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഭദ്രാസന പ്രതിനിധികളും സന്യാസ സമൂഹ പ്രതിനിധികളും അതാത് തലങ്ങളില്‍ നടന്ന അസംബ്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് റിപ്പോര്‍ട്ടിംഗ് സെഷന് നേതൃത്വം നല്‍കി. ഫാ. വര്‍ഗീസ് അങ്ങാടിയില്‍ അസംബ്ലി പ്രതിനിധികളെ പരിചയപ്പെടുത്തി. അസംബ്ലി മാര്‍ഗരേഖ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് അവതരിപ്പിച്ചു. വിവിധ സെഷനുകള്‍ക്ക് ഡോ. ലിസമ്മ അലക്സ്, ഫാ. ജോര്‍ജ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചകളെ ആസ്പദമാക്കിയുള്ള സെഷന് ബിഷപ് ജോസഫ് മാര്‍ തോമസ് നേതൃത്വം നല്‍കി. വിവിധ സെഷനുകള്‍ക്ക് മോണ്‍. ചെറിയാന്‍ താഴമണ്‍, സജി ജോണ്‍, ഏലന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ സമാപനസന്ദേശം നല്‍കി. ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പ്രസംഗിച്ചു സഭാ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്‍ററില്‍ നടന്ന അസംബ്ലിയില്‍ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ക്കും പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, ബ്രിട്ടന്‍, അമേരിക്ക, അയര്‍ലന്‍റ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org