അയ്യമ്പുഴകളും ഗിഫ്റ്റ് സിറ്റികളും

അയ്യമ്പുഴകളും ഗിഫ്റ്റ് സിറ്റികളും

സത്യദീപം 03.02.2021 എഡിറ്റോറിയല്‍ ഈ വിഷയത്തിനെ സംബന്ധിച്ച് വ്യത്യസ്തമായ ചിന്തകള്‍ വായനക്കാരില്‍ ഉണര്‍ത്തിക്കാണും. എന്തായാലും ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കും ഉണ്ടാകില്ല. അതായത് അയ്യമ്പുഴക്കാര്‍ക്കു നീതി ലഭിക്കണം, അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഉണ്ടാകണം. കേരളത്തേക്കാള്‍ ചെറുതായ ലോകരാജ്യങ്ങള്‍ വികസന കാര്യത്തില്‍ ധാരാളം മുന്നോട്ട് പോയിട്ടുണ്ട്. ഏതു വികസനം നടക്കുമ്പോഴും അവിടെയെല്ലാം പലതരത്തിലുമുള്ള കുടിയിറക്കുകള്‍ അനിവാര്യമാണ്. അത് ഒഴി വാക്കാന്‍ കഴിയില്ല. ഒരു കുടിയിറക്കവും ഇല്ലാതെ വികസനം നടക്കുകയുമില്ല.
അയ്യമ്പുഴയില്‍ നടന്നത്, ജനങ്ങളുടെ ആശങ്കകള്‍ അകറ്റിയില്ല, നഷ്ടപരിഹാരങ്ങളില്‍ നീതിപൂര്‍വകമായ സമീപനം ഉണ്ടായില്ല, ചൂണ്ടിക്കാണിക്കുന്ന മറ്റു സ്ഥലങ്ങളെ പരിഗണിച്ചില്ല എന്നെല്ലാമുള്ള ചിന്തകളാണ്. കേരളത്തില്‍ സംഭവിക്കുന്നത് എല്ലാത്തിനെയും എതിര്‍ക്കുന്ന ഒരു പ്രതിപക്ഷ സമീപനമാണ്. നമുക്ക് വേണ്ടത് പരിഹാരമാര്‍ഗങ്ങളും, പരിഹാര നിര്‍ദേശങ്ങളും, ചര്‍ച്ചകളും ആണ്. നമ്മുടെ സഭയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാനും സര്‍ക്കാരുകളുമായി ബന്ധപ്പെടാനും പറ്റിയ വ്യക്തികള്‍ ഉണ്ടുതാനും. നാം അവരുടെ സേവനം പ്രയോജനപ്പെടുത്തി ഇതിനു പരിഹാരം കാണണം. കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നു എന്നു മനസ്സിലാക്കിയ പരി. മാതാവ്, ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന യേശുവിന്റെ മുന്നിലാണ് അവതരിപ്പിച്ചതും, പരിഹരിച്ചതും, അതാവണം ക്രൈസ്തവസഭകളുടെ മാര്‍ഗദര്‍ശി.
എല്ലാക്കാലത്തും, എല്ലാ സംരംഭങ്ങളെയും, വികസന പ്രവര്‍ത്തനങ്ങളെയും തോല്‍പിച്ച് ഓടിക്കുന്ന സ്വഭാവം നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. വികസനം വേണ്ട, ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതി എന്ന് വിചാരിക്കുന്ന നിഗൂഢ താത്പര്യമുള്ള ഒരു വിഭാഗം ഇതിനെല്ലാം പുറകില്‍ ഉണ്ടാകും. നാം അന്വേഷിക്കേണ്ടത് ഈ ഗിഫ്റ്റ് സിറ്റി എന്താണ്, ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, ഇത് വന്നാല്‍ നാടിനു പ്രായോജനം ഉണ്ടാകുമോ, ഇത് ഒരു ഭൂമാഫിയ മാത്രമാണോ എന്നിവയെല്ലാം ആണ്.
എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ വേണം, പക്ഷെ മൊബൈല്‍ ടവര്‍ പാടില്ല. വിമാനത്താവളം വേണം നമ്മുടെ സ്ഥലം പോകാന്‍ പാടില്ല. റോഡിനുവീതി കൂട്ടണം പക്ഷെ എന്നെ ബാധിക്കരുത്. കുറച്ചുകാലം മുമ്പ് തിരുവനന്തപുരം കാസര്‍ഗോഡ് അതി വേഗ റെയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഒരു നേതാവ് പറഞ്ഞത് അത് വന്നാല്‍ സാധാരണക്കാര്‍ക്ക് റെയില്‍ കടന്നു പശുവിനെ തീറ്റിക്കാന്‍ കഴിയില്ല എന്നാണ്. വികസനം എന്നും നാടിനു നല്ലതാണ്. അനാവശ്യമായി അതിനെ ആരും എതിര്‍ക്കരുത്. ഇവിടെ വീണ്ടും ഒരു കാര്യം ആവര്‍ത്തിക്കുന്നു അതായത് അയ്യമ്പുഴക്കാര്‍ക്കു നീതി ലഭിക്കണം.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org