ക്രൈസ്തവന് അയിത്തം അന്യമോ?

കെ.എന്‍. ജോര്‍ജ്, തപോവനം, മലപ്പുറം

സത്യദീപം 2020 ലക്കം 26-ല്‍ പ്രസിദ്ധീകരിച്ച ഡോ. സി.ഡി. സെബാസ്റ്റ്യന്‍ എംഎസ്ടിയുടെ "സംസ്‌കാരത്തില്‍ ഇന്ത്യക്കാര്‍, മതവിശ്വാസത്തില്‍ ക്രൈസ്തവര്‍, ആരാധനയില്‍ പൗരസ്ത്യര്‍" എന്ന ലേഖനം വായിച്ചു. അഭി. പ്ലാസിഡ് അച്ചന്‍, സംസ്‌കാരത്തില്‍ ഹൈന്ദവര്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം തര്‍ക്കവിഷയമാണ്. തിരുസ്സഭാചരിത്രത്തില്‍ ഇപ്രകാരം വായിക്കുന്നു: "ചരിത്രകാരനും നസ്രാണി സഭാപിതാവെന്ന സംജ്ഞയ്ക്കര്‍ഹനുമായ അഭി. പ്ലാസിഡച്ചന്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ സാംസ്‌കാരികമായി ഇന്ത്യക്കാരും മതപരമായി ക്രിസ്ത്യാനികളും ആരാധനാപരമായി പൗരസ്ത്യരുമാണ് എന്ന് ആധികാരികമായ തെളിവുകളോടെ പ്രസ്താവിച്ചിട്ടുണ്ട്" (തിരുസഭാചരിത്രം, പ്രൊഫ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 1053). ആരാണ് ശരി എന്ന കാര്യം നിര്‍ണയിക്കുന്നതിനുള്ള ദൗത്യം സത്യദീപത്തിനു വിടുന്നു. ലേഖനകര്‍ത്താവിന്റെ ചില പ്രസ്താവനകളോടു പക്ഷാന്തരമുള്ളതുകൊണ്ടാണ് ഈ കത്ത്.

സുവിശേഷമൂല്യങ്ങളെയും ധാര്‍മികതയെയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ക്രൈ സ്തവര്‍ക്കു വര്‍ണവ്യവസ്ഥയും കര്‍മസിദ്ധാന്തവും അസ്വീകാര്യമാണെന്നു ലേഖനകര്‍ത്താവ് പറയുന്നു. ഹൈന്ദവദര്‍ശനപ്രകാരം ചാതുര്‍വര്‍ണ്യം ജന്മസിദ്ധമല്ല. അതു വൈദികസൃഷ്ടിയാണ് (ശ്രീ നരേന്ദ്രഭൂഷണ്‍, ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷ്യം, പേജ് 1527). കേരളത്തിലെങ്കിലും ഹൈന്ദവസമൂഹം ചാതുര്‍വര്‍ണ്യത്തിന്റെ അതിരുകള്‍ ഭേദിച്ചു പുറത്തുവന്നിട്ടും ഭാരതത്തിലെ ക്രൈസ്തവസമൂഹം താഴ്ന്ന ജാതിക്കാരെ അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തിയിരിക്കുന്നു. താഴ്ന്ന ജാതികളില്‍ നിന്നും ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരെ "ദളിത് ക്രൈസ്തവര്‍" എന്ന മുദ്രകുത്തി മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത് അതിനൊരു ഉദാഹരണമാണ്. അവരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുപോലും മുന്നോക്ക ക്രൈസ്തവര്‍ തയ്യാറല്ല. ഭാരത ക്രൈസതവരില്‍ 70 ശതമാനം വരുന്ന ദളിത് ക്രൈസ്തവര്‍ക്കു സഭാസംവിധാനങ്ങളില്‍, സഭാസ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുള്ള പ്രാതിനിധ്യത്തിന്റെ ലജ്ജിപ്പിക്കുന്ന കണക്കുകള്‍ 2018 ആഗസ്റ്റ് 22-ലെ സത്യദീപം 19-ാം പേജില്‍ വായിക്കാവുന്നതാണ്. ലേഖനകര്‍ത്താവ് പ്രത്യേകം പരാമര്‍ശിക്കുന്ന സുറിയാനി ക്രൈസ്തവരാകട്ടെ മറ്റു റീത്തുകളില്‍പ്പെട്ടവരോടുപോലും അയിത്തം പാലിക്കുന്നു.

അയിത്താചരണത്തിന് സുറിയാനി ക്രൈസ്തവരെ പ്രേരിപ്പിക്കുന്ന ഘടകം, തങ്ങള്‍ നമ്പൂതിരി പാരമ്പര്യത്തില്‍പ്പെട്ട ക്രൈസ്തവരാണെന്ന മൂഢവിശ്വാസമാണ്. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആര്യന്മാര്‍ കേരളത്തില്‍ വരുമ്പോള്‍ പാണന്മാര്‍, വേടന്മാര്‍, കുറവന്മാര്‍, പറയന്മാര്‍ എന്നീ ജാതികള്‍ മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളൂ എന്നതു ചരിത്രസത്യമല്ലേ (കേരളചരിത്രം, എ. ശ്രീധരമേനോന്‍; പേജ് 132; ഇന്ത്യാചരിത്രം, പ്രൊഫ. മുഹമ്മദലി, പേജ് 97) അതുകൊണ്ടു വര്‍ണവ്യവസ്ഥ അംഗീകരിക്കാന്‍ ക്രൈസ്തവനു കഴിയില്ല എന്ന വാദം വെറും മേനിപറച്ചിലായി മാത്രമേ കാണാന്‍ കഴിയൂ.

സുവിശേഷമൂല്യങ്ങളും ധാര്‍മികതയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരുന്നവരാണു ലോകം മുഴുവന്‍ കോളനികളാക്കി ആദിവാസികളെയും അവരുടെ സംസ്‌കാരത്തെയും നശിപ്പിച്ചത്. അമേരിക്കയിലെ തദ്ദേശവാസികളായ അമേരിക്കന്‍ ഇന്ത്യക്കാര്‍ ഇന്ന് അവശേഷിച്ചിട്ടുണ്ടോ?

ഗോവക്കാരെ ഉദ്ധരിച്ചുകൊണ്ടു മുസ്‌ലീങ്ങ ളോടൊപ്പം ക്രിസ്ത്യാനികളെയും ശത്രുക്കളായാണു ഹിന്ദു ദേശീയത കരുതുന്നതെന്നു ലേഖനകര്‍ത്താവ് പറയുന്നു. കൊളോണിയല്‍ വാഴ്ചയുടെ പിന്‍ബലത്തില്‍ പാശ്ചാത്യ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തനങ്ങളാണു ഗോല്‍വര്‍ക്കറെക്കൊണ്ട് ഇതു പറയിച്ചത്. ഗോവയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. ക്രിസ്ത്യാനികളൊഴിച്ച് ആരെയും ഗോവയില്‍ താമസിപ്പിക്കരുതെന്നു ഡാര്‍ട്ട മെത്രാന്‍ നിര്‍ദ്ദേശിച്ചു. അനേകം ഹൈന്ദവക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. 1567-ല്‍ സാല്‍സെറ്റില്‍ മാത്രം 280 ക്ഷേത്രങ്ങളാണു നശിപ്പിക്കപ്പെട്ടത് (തിരുസഭാചരിത്രം, പ്രൊഫ. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 1011) ഇത്തരം ചരിത്രങ്ങള്‍ അറിയാവുന്ന ആത്മാഭിമാനമുള്ള ഏതു ഹിന്ദുവാണു ക്രൈസ്തവനെ മിത്രമായി കരുതുക.

"ആരാധനയില്‍ പൗരസ്ത്യര്‍" എന്ന ലേഖനകര്‍ത്താവിന്റെ പ്രസ്താവനയെപ്പറ്റി അല്പം. ഉദയംപേരൂര്‍ സൂനഹദോസോടെ സുറിയാനി ക്രൈസ്തവരുടെ നിലവിലുണ്ടായിരുന്ന തനിമയുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരോധിക്കപ്പെട്ടു എന്ന് അദ്ദേഹം പറയുന്നു. എങ്കില്‍ സൂനഹദോസിനുമുമ്പുള്ള സഭാസംവിധാനത്തിലേ ക്കു തിരികെ പോകാതെ ആരാധനയില്‍ പൗരസ്ത്യര്‍ എന്നു പറയാന്‍ കഴിയുമോ?

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍, അക്രൈസ്തവമതങ്ങള്‍ എന്ന ഡിക്രിയില്‍ ഇപ്രകാരം പറയുന്നു: "അക്രൈസ്തവമതങ്ങളില്‍ കാണുന്ന ആദ്ധ്യാത്മികവും ധാര്‍മികവുമായ നന്മകളും സാമൂഹ്യസാംസ്‌കാരിക മൂല്യങ്ങളും അംഗീകരിച്ചു പരിരക്ഷിക്കുകയും അഭിവൃദ്ധമാക്കുകയും ചെയ്യണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു." അടിക്കുറിപ്പില്‍ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളേക്കാള്‍ ക്രൈസ്തവസിദ്ധാന്ത പ്രകാശനത്തിനു കൂടുതല്‍ ഉതകുന്നത് ഭാരതീയദര്‍ശനങ്ങളാണെന്ന വിലയിരുത്തലുമുണ്ട് (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, പേജ് 362). എങ്കില്‍ എന്തുകൊണ്ടു കൗണ്‍സില്‍ ഉദ്‌ബോധനങ്ങള്‍ അനുസരിച്ചു ഭാരതീയ സംസ്‌കാരത്തിനും ദര്‍ശനങ്ങള്‍ക്കും അനുസൃതമായ ഒരു പ്രാദേശിക സഭയായി ഭാരതത്തിലെ ക്രൈസ്തവസഭ രൂപാന്തരപ്പെട്ടില്ല? ഡോ. പോള്‍ തേലക്കാട്ടച്ചന്‍ അദ്ദേഹത്തിന്റെ "അനുഷ്ഠാന ആഭിമുഖ്യങ്ങള്‍" എന്ന ഗ്രന്ഥത്തില്‍ ഇതേ ചോദ്യം ഉന്നയിക്കുന്നുണ്ട് (പേജുകള്‍ 39-42 വരെ). ഈ തനിമയുളള ഭാരതസഭ രൂപപ്പെടുത്തുന്നതുവരെ നമുക്കു നാം സംസ്‌കാരംകൊണ്ടു ഭാരതീയരും വിശ്വാസംകൊണ്ടു ക്രൈസ്തവരുമാണെന്നു പറഞ്ഞുനിര്‍ത്താം. സീറോ-മലബാര്‍ സഭയുടെ ആരാധനക്രമ വിവാദങ്ങള്‍ക്ക് അറുതി വരുന്ന മുറയ്ക്ക് ആരാധനയെപ്പറ്റി പറയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org