തിരുത്തുകള്‍ വേണ്ട സഭാമേഖലകള്‍

തിരുത്തുകള്‍ വേണ്ട സഭാമേഖലകള്‍

ഫാ. ലൂക്ക് പൂതൃക്കയില്‍

യേശുക്രിസ്തുവിനെ അടിസ്ഥാനമാക്കി ലോകത്തില്‍ രൂപംകൊണ്ട വിശ്വാസികളാണ് ക്രിസ്തുമതത്തിലുള്ളത്. കാലഗതിയില്‍ ദൈവശാസ്ത്രത്തിന്റെയും സ്വകാര്യ അജണ്ടകളുടെയും ശത്രുതയുടെയും പേരില്‍ ക്രിസ്തുസഭ പലവിഭാഗങ്ങളായി. പല വിഭാഗങ്ങളായ ശേഷം സ്വന്തമായി രൂപപ്പെടുത്തിയ ദൈവ ശാസ്ത്രത്തിന്റെയും നിയമാവലികളുടെയും പേരില്‍ വിഭാഗങ്ങള്‍ തമ്മില്‍ അകലം കൂടുകയും ശത്രുത വര്‍ദ്ധിക്കുകയും ചെയ്തു. കത്തോലിക്കാ സഭയ്ക്ക് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പക്ഷെ, വൈവിധ്യങ്ങളുടെയും ഗ്രൂപ്പുകളുടെയും റീത്തുകളുടെയും വിഭജനത്താല്‍ ഏകോപനം കുറഞ്ഞ് വിഭാഗീയത വര്‍ദ്ധിക്കുകയാണ്. ഓരോ രൂപതകളും റീത്തുകളും പ്രാദേശിക ഭരണക്രമം ഉണ്ടാക്കുകയാണ്. അതിനു കൂട്ട് നിയമങ്ങളും പാരമ്പര്യങ്ങളും പിന്നെ ധാര്‍ഷ്ട്യവും. സഭയുടെ അടിസ്ഥാന ആത്മീയ ദര്‍ശനവും ലക്ഷ്യവും നഷ്ടപ്പെട്ട് ഗ്രൂപ്പുകളിലൂടെ ഇവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്.

സഭയെന്നാല്‍ ദൈവ ജനമെന്ന കണ്‍സെപ്റ്റ് പരിഗണിക്കപ്പെടുന്നില്ല. ദൈവജനത്തെ മുഖ്യധാരയില്‍ നിന്നു മാറ്റി നിറുത്തി നേതൃത്വങ്ങളാണ് സഭയെന്ന ചിന്ത സാധാരണക്കാരില്‍ വളര്‍ത്തി. അല്മായര്‍ പ്രാര്‍ത്ഥിക്കാനും അനുസരിക്കാനും പിരിവു നല്‍കാനും എന്ന ചിന്ത ദീര്‍ഘ കാലം സഭയില്‍ പിന്തുടര്‍ന്നു. ക്രിസ്തു, ബൈബിള്‍, ആദിമസഭ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്നിവ അല്മായര്‍ക്കു നല്‍കിയ സ്ഥാനമാനങ്ങള്‍ സഭാ നേതൃത്വങ്ങള്‍, കൗണ്‍സിലുകള്‍, കാനന്‍ ലോകള്‍ തമസ്‌ക്കരിച്ചു എന്നു പറയേണ്ടി വരുന്നു. ദൈവജനത്തിനു പല അധികാരാവകാശങ്ങള്‍ ഉണ്ടെങ്കിലും അല്മായനെ അകറ്റി മാറ്റി നിറുത്തേണ്ട അവസ്ഥ വന്നു. ലിറ്റര്‍ജിയിലും ഭരണ സംവിധാനത്തിലും നയരൂപീകരണത്തിലും അല്മായരെ ഉള്‍പ്പെടുത്തണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറഞ്ഞത് ആരും അത്ര ഗൗനിച്ചില്ല.

സദുദ്ദേശ്യത്തോടെയാണെങ്കിലും പരിധിവിട്ട ഭക്തിപ്രകടനങ്ങള്‍ സഭയെ വളര്‍ത്തുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഭക്തി എന്നത് ഹൃദയത്തില്‍ വളര്‍ത്തേണ്ട നന്മയും മനുഷ്യത്വവും സൗ ഹൃദവും സഹിഷ്ണുതയും പരോപകാരവും ആയിരിക്കേ ഇവയൊന്നും ഉത്പാദിപ്പിക്കാതെ ഭക്തിക്കുവേണ്ടി ഭക്തി നടത്തിയാല്‍ ക്രിസ്തു പറയുന്നതുപോലെ അത് അധര സേവ മാത്രമാകും. ഭക്തിയും അനുഷ്ഠാനവും ഇല്ലാത്തവരെ അവിശ്വാസികളും സഭാ വിരോധികളുമായി മുദ്രകുത്തുന്നു. പ്രവര്‍ത്തനങ്ങളെയും അധ്വാനങ്ങളെയും ഉത്തരവാദിത്വങ്ങളെയും വിശ്വസ്തതകളെയും പ്രാര്‍ത്ഥനയാക്കി രൂപാന്തരപ്പെടുത്താനാകണം.

സഭ ഏറെ തിരുത്തേണ്ട മേഖല അതിന്റെ സാമ്പത്തിക മേഖലയാണ്. ഏതിനും എന്തിനും എപ്പോഴും എങ്ങനെയും പണം എന്ന കള്‍ച്ചര്‍ അറിഞ്ഞോ അറിയാതെയോ സഭാഘടനയിലും സഭാ ജീവിതത്തിലുമുണ്ട്. സഭാ വിരോധികള്‍ സഭയ്ക്കു നേരെ ഉയര്‍ത്തുന്ന വിമര്‍ശനം പണക്കൊതിയെപ്പറ്റിയാണ്. പണം എറിഞ്ഞു പണം സമ്പാദിക്കുക. അവയെല്ലാം ഭൂമിയായും കെട്ടിടങ്ങളായും സ്ഥാപനങ്ങളായും രൂപപ്പെടുത്തുക എന്നത് ചരിത്രത്തില്‍ രൂപപ്പെട്ട പ്രലോഭനമാണ്. ധ്യാന കേന്ദ്രങ്ങളെല്ലാം സമ്പന്നമായി. ഭക്തസാധനങ്ങള്‍ വിറ്റ് അമിത ലാഭം വാങ്ങുന്നു. അനുഷ്ഠാനങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും കാലത്തിനൊത്തു നിരക്കു വര്‍ദ്ധിപ്പിച്ചു ലാഭം കൊയ്യുന്നു.

രൂപതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രവണതയും കൂടിവരുന്നുണ്ട്. ഒരു രൂപതയ്ക്കുവേണ്ട മിനിമം കത്തോലിക്കാ വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തണം. അഡ്മിനിസ്‌ട്രേഷന്‍, പ്രാര്‍ത്ഥന. പഠനം, പട്ടംകൊടുക്കല്‍, പള്ളി കൂദാശ ചെയ്യല്‍ തുടങ്ങിയവയില്‍ ഒതുങ്ങിയാല്‍ മെത്രാന്മാര്‍ക്ക് ആവശ്യത്തിനു സമയം കിട്ടും. ചെറിയ പരിപാടികള്‍ക്കു വേണ്ടി ഓടി നടക്കേണ്ടതില്ല. ഇന്നത്തെ സാഹചര്യത്തില്‍ നിലവിലുള്ള ഇടവകകളും വിഭജിച്ച് പള്ളികളുടെ എണ്ണം കൂട്ടേണ്ടതില്ല. ഒരേയൊരു കത്തോലിക്കാ വിശ്വാസം എന്നതിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള പള്ളികളില്‍ ആത്മീയകര്‍മ്മം അനുഷ്ഠിക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ മതി.

സഭാപ്രസിദ്ധീകരണങ്ങളെക്കുറിച്ചു പറഞ്ഞാല്‍ സഭാപ്രവര്‍ത്തനങ്ങളെയും രൂപതാപ്രവര്‍ത്തനങ്ങളെയും വിമര്‍ശനബുദ്ധിയോടെയും എന്നാല്‍ പ്രതിരോധ മനോഭാവത്തോടെയും വീക്ഷിക്കാനുള്ള കെല്‍പ്പ് അവ ആര്‍ജ്ജിക്കണം. ഇന്നു കേരളസഭയില്‍ രൂപതകള്‍ക്കും സന്യാസ ഭവനങ്ങള്‍ക്കും ഒന്നോ അതിലധികമോ പ്രസിദ്ധീകരണങ്ങളുണ്ട്. അവയിലെല്ലാം കഴമ്പില്ലാത്തതും ആഴമില്ലാത്തതും പല തവണ ചവച്ചതും പരത്തിപ്പറയുന്നതും മാത്രമേയുള്ളൂ. സുഖിപ്പിക്കലിന്റെ എഴുത്തുകളാണു കൂടുതലും. ലേഖനകര്‍ത്താക്കളെല്ലാം ഭയത്തിന്റെയും വിധേയത്വത്തിന്റെയും മാനസീ കാവസ്ഥയില്‍ നിന്നാണ് എഴുതുക. വിമര്‍ശിക്കുന്നവരെ പുറത്താക്കുന്നതിനാല്‍ സഭയിലെ പുഴുക്കുത്തുകളെ, ജീര്‍ണ്ണതകളെ കണ്ടെത്താനാവാതെ വരുന്നു. വിമര്‍ശനാത്മകമായ ബൈബിള്‍ പഠനത്തിലൂടെ ബൈബിള്‍ വിജ്ഞാനീയ ശാസ്ത്രം ഇനിയും വികസിപ്പിക്കാമായിരുന്നു. എല്ലാം പൊതിഞ്ഞു കെട്ടി മൂടിപൊതിഞ്ഞു വച്ചിരിക്കുന്നു.
സഭ ഒറ്റപ്പെട്ട തുരുത്താകുന്നത് ആപത്കരമാണ്. സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളില്‍ മുഴുകാന്‍ തയ്യാറാകണം. സഭയ്ക്കും സഭാധികാരികള്‍ക്കും രാഷ്ട്രീയം പാടില്ല എന്ന ധാരണ സഭയിലുണ്ട്. കക്ഷിരാഷ്ട്രീയം സഭയ്ക്ക് ആവശ്യമില്ലെങ്കിലും സഭയ്ക്കു രാഷട്രീയം വേണം. സമൂഹത്തില്‍ പുളിമാവാകാനും പ്രകാശമാകാനും സഭയ്ക്കു സാധിക്കണമെങ്കില്‍ കുറച്ചു കൂടി സഭ ലോകത്തേക്കിറങ്ങണം. രാഷ്ട്രീയ സാമൂഹ്യ സംവിധാനങ്ങളില്‍ സഭയുടെ അസ്തിത്വം അറിയിക്കണം. രാഷ്ട്രീയ ക്കാരുമായി സൗഹൃദവും ചങ്ങാത്തവും ഉണ്ടാകണം. ഉന്നത ഉദ്യോഗസ്ഥരും ഓഫീസര്‍മാരുമായും കലാ-സിനിമാ മേഖലയിലുള്ളവരുമായും സൗഹൃദം വേണം. എഴുത്തുകാരുമായി ബന്ധമുണ്ടാകണം. സഭയുടെ ശക്തിയും ബന്ധവും അവിടങ്ങളിലേക്ക് എത്തണം. ഒഴിഞ്ഞു മാറി നില്‍ക്കാനല്ല. ഒഴുകിയിറങ്ങി നിറയാനുള്ളതാണ് സഭയും ക്രൈസ്തവാസ്തിത്വവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org