കോവിഡ് നോമ്പ്

കോവിഡ് നോമ്പ്

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തൃശൂര്‍

കോവിഡ് മനസ്സിലുയര്‍ത്തുന്ന ഉത്ക്കണ്ഠകള്‍ക്ക് അല്പം ആശ്വാസമായി ദേശീയ തലത്തിലും കേരളത്തിലും രോഗികളുടെ എണ്ണം കുറയുന്നു. 5 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് പിന്‍വലിച്ചെങ്കിലും നിയമങ്ങള്‍ കര്‍ശനമായി തുടരുകയാണ്. പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലും കാര്യമായിത്തന്നെ തുടരുന്നു. ഇത്രയൊക്കെയായിട്ടും അനാവശ്യമായി പുറത്തിറങ്ങു ന്നവരും മാസ്‌ക്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടുന്നവരും നൂറുകണക്കിനാണ്. ഇക്കാര്യത്തില്‍ ആത്മനിയന്ത്രണം പാലിക്കാന്‍ പൊതു ജനത്തിനു മനസ്സില്ല. രോഗത്തിന്റെ ഗൗരവം മനസ്സിലാ കാഞ്ഞിട്ടല്ല ഈ തീക്കളി. രോഗത്തിന്റെ യാതനയേക്കാള്‍ തത്സംബന്ധമായ ഒറ്റപ്പെടലാണ് ഭയാനകം. ഇനി ലോക്ഡൗണ്‍ പിന്‍വലിച്ചാലും പിന്നീട് സൃഷ്ടിക്ക പ്പെടുന്ന ആള്‍ക്കൂട്ടത്തെ ആര്‍ക്കു തടയിടാന്‍ കഴിയും. ഒരാള്‍ക്ക് ഒരു പോലീസുകാരനെന്ന നിലയില്‍ കാവല്‍ നിര്‍ത്താനാവുമോ? പോലീസ് സേനാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും താങ്ങാവുന്നതിലധികം ജോലിയെടുത്തു തളര്‍ന്നു കഴിഞ്ഞു.

നിയമം കൊണ്ട് ഈ രോഗത്തെ പിടിച്ചുകെട്ടാനാവില്ല. പൊതുജനം ജനനന്മയും സ്വയരക്ഷയും കണക്കിലെടുത്ത് പല മോഹങ്ങള്‍ക്കും ട്രിപ്പിള്‍ ലോക്ക് ഇടണം. പൗരന്റെ ചുമതലയാണത്. ആദ്യം ഗൗരവമായി എടുക്കാത്തതിനാല്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കു കൈപൊള്ളി. പക്ഷെ അവര്‍ അതില്‍ നിന്നു പഠിച്ചു, കാര്യങ്ങള്‍ അവിടെ സാധാരണ നിലയിലായി. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കുന്നതുവരെയെങ്കിലും നാം ആത്മസംയമനം കാണിച്ചേ പറ്റൂ. തൊടികളിലെ പച്ചക്കറികളും സര്‍ക്കാര്‍ നല്‍കുന്ന കിറ്റുമൊക്കെയായി ഒന്നു രണ്ടു മാസത്തേക്ക് നാം ഒരു "കോവിഡ് നോമ്പി"ലേക്ക് പ്രവേശിക്കണം. അങ്ങനെയെങ്കില്‍ രോഗത്തിന്റെ മൂന്നാം തരംഗം പിടിച്ചു നിറുത്താന്‍ നമുക്കു കഴിയും. ഇതു സര്‍ക്കാരിനു മാത്രം ചെയ്യാന്‍ കഴിയില്ല. അല്‍പം കൂടി ക്ഷമിച്ചില്ലെങ്കില്‍ മുമ്പില്‍ കൂട്ടമരണങ്ങളും സര്‍വ നാശവുമാണെന്ന് സാക്ഷര കേരളത്തിനു തിരിച്ചറിയാനാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org