Latest News
|^| Home -> Letters -> സഭ വികസന വിരോധികളോ

സഭ വികസന വിരോധികളോ

‘വേഗറെയില്‍ വേണ്ടതാര്‍ക്ക്’ എന്ന 21.07.2021-ലെ മുഖപ്രസംഗം വളരെ ശ്രദ്ധേയമായ ധാരാളം കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ അതിനെയൊന്നും പ്രത്യക്ഷത്തില്‍ എതിര്‍ക്കേണ്ടവയല്ല. എന്നാല്‍ ഒന്നും നഷ്ടപ്പെടാതെ ഒന്നും നേടാന്‍ കഴിയില്ല എന്ന പ്രഥമമായ സത്യത്തെ തമസ്‌കരിച്ചിരിക്കുന്നു എന്ന തോന്നലാണ് എന്നില്‍ ഉളവാക്കിയത്. എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും സഭ എതിര്‍ക്കുന്നു എന്ന തോന്നല്‍ വിശ്വാസികളിലും ഉണ്ടാകുന്നുണ്ട് എന്നതും നാം കാണേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ സഭകളുടെ പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ് ISRO യും, ഷിപ്പ്‌യാര്‍ഡും, റോഡുകളുടെ വികസനവും എല്ലാം കേരളത്തില്‍ ഉണ്ടായത്. അന്ന് അതിനെയെല്ലാം എതിര്‍ത്തിരുന്നു എങ്കില്‍ കേരളത്തില്‍ എന്തെങ്കിലും വികസനം ഉണ്ടാകു മായിരുന്നോ.
നാം എതിര്‍ക്കേണ്ടത് പുതിയ വികസനങ്ങളെയല്ല മറിച്ച് അതുമൂലം സംഭ വിക്കുന്ന പലവിധമായിട്ടുള്ള ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ്. അത്തരം നഷ്ടങ്ങള്‍ക്കു പരിഹാരം ലഭ്യമാക്കുന്നതിനുവേണ്ടി യാകണം നമ്മുടെ ഇടപെടലുകള്‍. മൊബൈല്‍ ടവര്‍ പാടില്ല, മൊബൈലിനു റേഞ്ച് വേണം എന്ന പരാതി പോലെയാകുന്നു നമ്മുടെ പല എതിര്‍പ്പുകളും. വേഗറെയില്‍ വേണമോ എന്നതിനേക്കാള്‍ എതിര്‍ക്കുന്നതിന്റെ ന്യായങ്ങളാണ് വിചിത്രമായി തോന്നു ന്നത്. വലിയ മുതല്‍ മുടക്കു വരും, ഭാവിയില്‍ പൂര്‍ത്തിയാകില്ല, കടം വര്‍ധിക്കും എന്നതെല്ലാം വെറും സാങ്കല്പിക ചോദ്യങ്ങളാണ്. നമ്മുടെ മുന്‍ പ്രസിഡന്റ് ഡോ. എപിജെ അബ്ദുള്‍ കലാം പറഞ്ഞിരുന്നതുപോലെ നാം വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിക്കുകയും അത് പ്രാബല്യത്തില്‍ വരുത്തുകയും വേണം. പുതിയ തലമുറയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. നാം മുന്നോട്ടു പോയി കൊണ്ടി രിക്കുകയാണ്. അപ്പോള്‍ ഇതിനെല്ലാം നമുക്ക് കഴിവുണ്ടാകും എന്ന വിശ്വാസ മാണ് നമുക്ക് ഉണ്ടാകേണ്ടത്. സഭയും സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ വായ്പ എടുത്തു തന്നെയാണല്ലോ നടത്തുന്നത്. ഒരു രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് ഗതാഗത സൗകര്യങ്ങളാണ്. കേരള ത്തില്‍ റയില്‍പ്പാത വന്നപ്പോഴും, ഹൈവേകള്‍, വന്നപ്പോഴും, പാലങ്ങള്‍ വന്നപ്പോഴും, നെടുമ്പാശ്ശേരി വിമാനത്താവളം വന്നപ്പോഴും, സ്റ്റേഡിയം വന്നപ്പോഴും എതിര്‍ക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അന്ന് എതിര്‍ത്തവരും, അവരുടെ പുതിയ തലമുറയും അതിന്റെ സൗകര്യം അനുഭവിക്കുന്നു.
സ്വകാര്യ കോളേജുകളെ എതിര്‍ത്തവര്‍ക്കു ഇപ്പോള്‍ അതെല്ലാം വേണ മെന്ന ചിന്ത വന്നിരിക്കുന്നു. വേഗറെയില്‍ ലാഭത്തില്‍ ആകില്ല എന്നതാണ് മറ്റൊരു വാദം. അതിനു ചൂണ്ടിക്കാണിക്കുന്നത് മെട്രോ റെയിലിന്റെ നഷ്ടമാണ്. പൊതു ഗതാഗത സൗകര്യങ്ങള്‍ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തെക്കാള്‍ ഉപരി ജനങ്ങളുടെ സൗകര്യപ്രദമായ യാത്രയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അല്ലെങ്കില്‍ വിമാന കമ്പനികള്‍ ചാര്‍ജ് കൂട്ടുന്നത് പോലെ എപ്പോഴും ചാര്‍ജ് കൂട്ടി കൊണ്ടിരിക്കണം.
ലോകത്തില്‍, കേരളത്തെക്കാള്‍ ചെറിയ രാജ്യങ്ങള്‍ എന്തുകൊണ്ടാണ് വലിയ തോതില്‍ അഭിവൃദ്ധി പ്രാപിക്കുന്നത്. അവിടങ്ങളില്‍ വികസന പ്രവര്‍ ത്തനങ്ങള്‍ വേഗത്തിലാണ് നടക്കുന്നത്. വേഗറെയില്‍ വന്നാല്‍ കേരളവും അതു പോലെയാകും. കേരളം ഒരു വലിയ ടൗണ്‍ എന്ന നിലയിലേക്ക് മാറും. കേരളം മൊത്തത്തില്‍ വികസിക്കും. ആളുകള്‍ എല്ലായിടങ്ങളിലും കുടി യേറും. അപ്പോള്‍ കൊച്ചി പോലുള്ള സ്ഥലങ്ങളിലെ തിരക്ക് കുറയും. ജനങ്ങള്‍ യാത്ര ചെയ്തു എവിടെയും ജോലിക്കു പോകുകയും, സ്ഥലം മാറ്റം എന്ന ആവശ്യത്തിന് പ്രസക്തി കുറയുകയും ചെയ്യും. 70 വയസ്സ് കഴിഞ്ഞ ചില ആളുകളില്‍ അവരുടെ കാര്യവും, അവരുടെ മക്കള്‍ വിദേശങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്നതിനാലും ഇനി കേരളത്തില്‍ വികസനം വേണ്ട എന്ന് ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. അവരാണ് എല്ലാത്തിനെയും എതിര്‍ക്കുന്നവര്‍. സഭ ഒരിക്കലും അത്തരം സിദ്ധാന്തങ്ങളെ പിന്തുണക്കരുത്. ഒരു വികസനം വരുമ്പോള്‍ അതിന്റെ ഭാഗമായി സമ്പത്തിന്റെ ക്രയവിക്രയം വലിയ തോതില്‍ വര്‍ദ്ധിക്കും. അതിലൂടെ തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാകുകയും ചെയ്യും. ആരാധനാലങ്ങളും, അനാഥാലയങ്ങളും, ആതുരാലയങ്ങളും അല്ല വികസനത്തിന്റെ മാതൃകകള്‍.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍