ഞായറാഴ്ച പ്രസംഗത്തെക്കുറിച്ചു തന്നെ

ഞായറാഴ്ച പ്രസംഗത്തെക്കുറിച്ചു തന്നെ

എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍, ഞായറാഴ്ച പ്രസംഗത്തില്‍ വലിയ വേദോപദേശ പഠനം ഉള്‍പ്പെടുത്തണം എന്നു നിര്‍ദ്ദേശിച്ചിരുന്നു. ഞാന്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ചു പ്രാവര്‍ത്തികമാക്കി എന്നു പറയുവാന്‍ സന്തോഷമുണ്ട്. ബാലപ്രായം മുതല്‍ മതവിഷയങ്ങള്‍ പഠിച്ചതു ചോദ്യോത്തര രൂപത്തിലാണ്. അതിനായി തയ്യാറാക്കപ്പെട്ട പുസ്തകങ്ങളാണു ചെറിയ വേദോപദേശവും വലിയ വേദോപദേശവും. പ്രസ്തുത ഗ്രന്ഥങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

എന്റെ ഇടവകയായ അയ്മുറിയില്‍ വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ വലിയ വേദോപദേശ പുസ്തകത്തില്‍ നിന്നു ബഹു. വികാരിയച്ചന്‍ തുടര്‍ച്ചയായും എന്നാല്‍ ഖണ്ഡശഃയായും വായിച്ചു മെത്രാപ്പോലീത്തയുടെ കല്‍പന നിര്‍വ്വഹിച്ചു പോന്നത് ഓര്‍ക്കുന്നു. ഞാന്‍ തിരുപ്പട്ടം സ്വീകരിക്കുമ്പോള്‍ കോതമംഗലം രൂപത നിലവിലില്ലായിരുന്നു. അതിനാല്‍ എനിക്കു കോതമംഗലം ഫൊറോന ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി നിയമനം കിട്ടി. ബഹു. വികാരിയച്ചന്‍ വലിയ വേദോപദേശം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി പ്രസംഗിക്കുക എന്ന ദൗത്യം എന്നെ ഏല്‍പ്പിച്ചു. ഇത് എന്നെ ധര്‍മ്മസങ്കടത്തിലാക്കിയെങ്കിലും ഞാന്‍ നിരുത്സാഹനായില്ല. ഞാന്‍ ദൈവശാസ്ത്ര വിഷയങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പ്രതിപാദിക്കാനുള്ള പോംവഴികളെക്കുറിച്ച് ആലോചിച്ചു.

ഏതൊരു പ്രസംഗവും തുടക്കം ആകര്‍ഷകമാകണം. പ്രസംഗത്തില്‍ സംഭവങ്ങളും കഥകളും ഉള്‍പ്പെടുത്താം. വലിയ വേദോപദേശ പുസ്തകം അതേപടി അനുഗമിക്കുക സ്വീകാര്യമല്ലെന്നു ഞാന്‍ കരുതി. എന്റെ അന്വേഷണം ഫലമണിഞ്ഞു. ഞാന്‍ അവലംബിച്ചതായ പ്രസംഗരീതി പ്രതിപാദിക്കാം: പ്രസംഗത്തിനു 12 മിനിറ്റു സമയമാകണമെന്നു തീരുമാനിച്ചു. വിശുദ്ധ കുര്‍ബാനയില്‍ വായിക്കുന്ന സുവിശേഷത്തെക്കുറിച്ചു 5 മിനിറ്റു സമയം വിനിയോഗിക്കാം. തുടര്‍ന്നു ദൈവശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കാം. സെമിനാരികാലത്തു വിനിയോഗിച്ച പുസ്തകങ്ങളും എഴുതിയെടുത്ത നോട്ടുകളും ഇതിനായി പ്രയോജനപ്പെടുത്തി.

ഞാന്‍ എറണാകുളം ബസിലിക്ക ഇടവകയില്‍ അസി. വികാരിയായി സേവനം ചെയ്തിട്ടുണ്ട്. അക്കാലത്താണു വൈകുന്നേരം ദിവ്യബലി അര്‍പ്പിക്കുന്ന നടപടി സാര്‍വ്വത്രീകമായത്. വൈകുന്നേരം നാലര മണിക്കു കുര്‍ബാന അര്‍പ്പിക്കുന്നതിനു വികാരിയച്ചന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ താമസിയാതെ കോതമംഗലത്തു ചെയ്തതുപോലെ സൈദ്ധാന്തിക പ്രസംഗപരമ്പര തുടങ്ങി. ക്രമേണ പള്ളിയകവും മുറ്റവും ആളുകളെക്കൊണ്ടു നിറയാന്‍ തുടങ്ങി. എന്റെ പ്രസംഗ രീതി ആളുകളെ ആകര്‍ഷി ച്ചു. ഞാന്‍ ഖണ്ഡശഃ തുടര്‍ ച്ചയായി നടത്തിയ പ്രസംഗ പരമ്പരയുടെ പ്രാധാന്യം ഏറെ മനസ്സിലാക്കി.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഒരു ദിവസം വൈക്കം നടേല്‍ പള്ളിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു യുവാവ് എന്നെ സമീപിച്ചു പറഞ്ഞു. "അച്ചന്‍ എറണാകുളം കത്തീഡ്രല്‍ പള്ളിയില്‍ ഇരുന്നിട്ടുണ്ടല്ലോ. അന്നു ഞാന്‍ എറണാകുളത്ത് ലോ കോളജില്‍ പഠിക്കുകയാണ്. ഞായറാഴ്ച ഞാന്‍ കത്തീഡ്രല്‍ പള്ളിയിലാണു കുര്‍ബാനയ്ക്കു പോയിരുന്നത്, അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍ തന്നെ. ഞാനിപ്പോള്‍ വക്കീലാണ്." എനിക്ക് അതിശയവും ആത്മസംതൃപ്തിയും തോന്നി.

ബഹു. വികാരിയച്ചന്‍ ഒഴുകുന്ന ഭാഷയില്‍ ആകര്‍ഷകമായി പ്രസംഗിച്ചിരുന്നെങ്കിലും എന്റെ കുര്‍ബാനയ്ക്കാണ് ആളുകള്‍ അധികമായി എത്തിയിരുന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് പ്രംസഗപാടവമോ പ്രസംഗധോരണിയോ അല്ല. പ്രത്യുത ആശയാവിഷ്‌ക്കരണമായിരുന്നു. ഇത് അവര്‍ക്ക് അറിവു സമ്പാദിക്കാനുതകി. അപ്പോള്‍ എനിക്കു മനസ്സിലായി, പ്രസംഗത്തിനുണ്ടാകേണ്ടതായ ഗുണവിശേഷം എന്താണെന്ന്. ജനങ്ങള്‍ക്കു സന്ദേശമാണു കിട്ടേണ്ടത്. പഠിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അവരുടെ വിജ്ഞാനദാഹം തൃപ്തിപ്പെടണം.

മെത്രാപ്പോലീത്തന്‍ തിരുമനസ്സിലെ കല്‍പ്പനപ്രകാരം പ്രസംഗങ്ങള്‍ അവതരിപ്പിച്ചതിനാല്‍ കിട്ടിയ മറ്റൊരു നേട്ടം, "ദൈവശാസ്ത്രം പ്രസംഗവേദിയില്‍" "സന്മാര്‍ഗ്ഗശാസ്ത്രം പ്രസംഗവേദിയില്‍" എന്നീ ബ്രഹത്ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതാണ്. വേദോപദേശ ക്ലാസ്സുകള്‍ മുഖേന ദൈവിക കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്നു. എന്നാല്‍ പിന്നീടു ഞായറാഴ്ച പ്രസംഗങ്ങള്‍ അതിനുള്ള അവസരമാണ്. അതിനാല്‍ ബഹു വൈദികര്‍ ഇക്കാര്യം വിലയിരുത്തി അഭിവന്ദ്യ കണ്ടത്തില്‍ പിതാവിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

വൈദികരത്‌നം ഫാ. ആന്റണി ഇലവുംകുടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org