മാര്‍പാപ്പയുടെ വിലാപം – അക്ഷരരൂപമെടുത്തിട്ട് അഞ്ച് വര്‍ഷം, പക്ഷേ…

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ടായിരാമാണ്ടോളം പാരമ്പര്യമുള്ള കത്തോലിക്കാസഭയിലെ മാര്‍പാപ്പാമാരില്‍ ഏറ്റവും ജനകീയനും ശ്രദ്ധേയനുമായ പോപ്പ് ഫ്രാന്‍സിസ് 2013 മാര്‍ച്ച് 13 ന് സ്ഥാനമേറ്റശേഷം, മൂന്നുവര്‍ഷം തികയുമ്പോഴേക്കും പുറത്തിറക്കിയ പ്രഖ്യാപനമാണ് 'ലൗദാത്തോ സി' (LAUDATO SI) എന്ന ചാക്രികലേഖനം.

സാധാരണ മനുഷ്യരുമായുള്ള തന്‍റെ അനുഭവങ്ങളില്‍ നിന്നും, ലോക സംഭവങ്ങളെക്കുറിച്ചുള്ള ആഴമായ പഠനത്തില്‍നിന്നും അദ്ദേഹത്തിന് വ്യക്തമായി ഒരു സത്യം തിരിച്ചറിയാനായി. ഈ ലോകം ഒരു പറ്റം സംഘടിതമായ ചൂഷകരുടെ പിടിയിലമര്‍ന്നു കഴിഞ്ഞുവെന്നും, അതിന്‍റെ ഇര മനുഷ്യര്‍ മാത്രമല്ല, പ്രപഞ്ചം മുഴുവനും ചൂഷണത്തിന്‍റെ അടിമത്തത്തിലാണെന്നും തിരിച്ചറിഞ്ഞ മാര്‍പാപ്പയ്ക്ക് അതൊരു തേങ്ങലായി മാറി. അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം അര്‍ജന്‍റീനയിലായിരുന്നപ്പോള്‍ നയിച്ചിരുന്ന സാധാരണ ജീവിതവും പ്രവര്‍ത്തികളിലൂടെ വെളിവാക്കപ്പെട്ട മനോഭാവവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമേരിക്ക, യൂറോപ്പ് തുടങ്ങിയ സമ്പന്നരാജ്യങ്ങള്‍ക്ക് ഈ സ്ഥാനലബ്ധി വലിയ താല്പര്യമായില്ല. വത്തിക്കാന്‍ അരമനവാസം ഒഴിവാക്കി ജനക്ഷേമപക്ഷത്ത് മാത്രം വസിക്കാനും പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെട്ട പോപ്പ് ഫ്രാന്‍സിസിന്‍റെ പ്രഥമ നവീകരണലക്ഷ്യം തന്‍റെ സഭതന്നെയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശ്രദ്ധ പതിഞ്ഞത് പരിസ്ഥിതിസംരക്ഷണം എന്ന വിശാലവും അസ്തിത്വപരവുമായ മേഖലയിലേക്കായിരുന്നു. പ്രപഞ്ചം 'പൊതുഭവന'മാണെന്നുള്ള ബോദ്ധ്യമുള്ള പോപ്പ്, ചിലര്‍ അതിനെ സ്വകാര്യസ്വത്താക്കി ദുരുപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ത്തു.

പക്ഷേ അതുകൊണ്ടൊന്നും പ്രബലര്‍ക്ക് 'പാരിസ്ഥിതിക മാനസാന്തരം' കൈവരാത്തതു കൊണ്ട് മുന്‍ഗാമികളായ പരമാചാര്യന്മാരൊന്നും സ്പര്‍ശിക്കാന്‍ ഭയപ്പെട്ടിരുന്ന ദൈവികമേഖലയുടെ വേലിക്കെട്ടിനപ്പുറമുള്ള പരിസ്ഥിതി എന്ന വിഷയത്തെ ആസ്പദമാക്കി വിപ്ലവാത്മകമായ 'ചാക്രികലേഖനം' എന്ന പേരില്‍ അറിയപ്പെടുന്ന നിലപാട് ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അമ്മഭൂമിയെ തളര്‍ത്തി നിശ്ചലമാക്കുന്ന പ്രവര്‍ത്തികള്‍ പാപമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മോശയിലൂടെ നല്‍കപ്പെട്ട പത്തു കല്പനകള്‍ പാലിക്കാത്തതു മാത്രമല്ല പാപം എന്നത്, ദൈവവിശ്വാസ ധാര്‍മ്മികശാസ്ത്ര രംഗങ്ങളില്‍ ഒരു ഭൂമികുലുക്കം തന്നെ സൃഷ്ടിച്ചു. സഭ ദരിദ്രമായിരിക്കണമെന്നും ദരിദ്രരുടേതായിരിക്കണമെന്നുമുള്ള പ്രഖ്യാപനത്തിലൂടെ പാപ്പ പണത്തിന്‍റെ മുമ്പില്‍ തലകുനിക്കുകയില്ല എന്ന് ഡൊണാള്‍ഡ് ട്രംപിന് മാത്രമല്ല, സഭയിലെ പണസഞ്ചി സൂക്ഷിക്കുന്നവര്‍ക്കും മനസ്സിലായി. കാലാവസ്ഥാ ഉച്ചകോടി സമ്മേളനത്തിന് മാത്രമല്ല, കാലാവസ്ഥാവ്യതിയാന പഠനം, പരിഹാരം, നിയന്ത്രണമില്ലാത്ത കാര്‍ബണ്‍ മലിനീകരണ നിയന്ത്രണം എന്നിവയ്ക്കെല്ലാമുള്ള സാമ്പത്തികസഹായം ട്രംപ് വെട്ടിക്കുറച്ചു. ഇതൊന്നും പോപ്പിന്‍റെ പ്രവര്‍ത്തനങ്ങളെയും, നിലപാടുകളെയും തളര്‍ത്തിയില്ല. ട്രംപ് വത്തിക്കാനിലെത്തിയപ്പോള്‍ ശക്തമായ ഭാഷയില്‍ മാര്‍പാപ്പ പ്രതികരിച്ചത് അദ്ദേഹത്തിന്‍റെ ധാര്‍മ്മികശക്തിയുടെയും രോഷത്തിന്‍റെയും പ്രകടനമായിരുന്നല്ലോ.

പ്രാപഞ്ചികചൂഷണം എന്നും ഒരു വിങ്ങലായി അവശേഷിച്ചപ്പോള്‍ ശക്തമായി പ്രതികരിക്കാതിരിക്കുന്നതും പാപമായിക്കരുതിയ പോപ്പ് ഫ്രാന്‍സിസ് പുറത്തിറക്കിയ സുദീര്‍ഘമായ ആറ് അദ്ധ്യായങ്ങള്‍ ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുപോകുന്നതാണ്. 2010 ല്‍ പാരീസില്‍ സംഘടിപ്പിക്കപ്പെട്ട കാലാവസ്ഥാ ഉച്ചകോടിയുടെ വിശകലനങ്ങളെ ഗൗരവമായി കാണുന്ന ഈ ലോകപൗരന്‍ ഈ വര്‍ഷം നടക്കേണ്ട ഐക്യരാഷ്ട്ര സഭയുടെ ജൈവവൈവിദ്ധ്യ കോണ്‍ഫ്രന്‍സിനും ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നതിന്‍റെ സൂചനയായിട്ടാണ് 'ലൗദാത്തോ സി' യുടെ അഞ്ചാം വാര്‍ഷികം ഉയര്‍ന്ന ചിന്തയ്ക്കും അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിക്കണമെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുന്നത്. അതിനിടയിലാണു മനുഷ്യനെ ഞെരുക്കന്ന മഹാമാരി പ്രത്യക്ഷമാകുന്നത്.

ഈ വര്‍ഷം ഏപ്രില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ആചരിച്ച വിശുദ്ധവാരത്തില്‍, പോപ്പ് ഫ്രാന്‍സിസ് ഏകനായിട്ടാണ് വത്തിക്കാന്‍ ചത്വരത്തില്‍ തിരുക്കര്‍മങ്ങള്‍ നടത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാറുളള ആചാരാനുഷ്ഠാനങ്ങള്‍ ഒരു ചടങ്ങു മാത്രമായി ചുരുക്കി. ഇതിന്നിടയില്‍ 'നഗരത്തിനും ലോകത്തിനും' എന്ന പേരില്‍ പ്രശസ്തമായ അദ്ദേഹത്തിന്‍റെ ശ്രദ്ധേയ സന്ദേശത്തില്‍ പ്രകൃതിചൂഷണവും മഹാമാരിയും തമ്മിലുള്ള ബന്ധത്തെ അടിവരയിട്ടു സംസാരിച്ചു. 'പ്രപഞ്ചമാകുന്ന പൊതുഭവനത്തില്‍ സര്‍വ്വജീവജാലങ്ങള്‍ക്കും പ്രത്യേകയിടവും പാരസ്പര്യ ഉത്തരവാദിത്വങ്ങളുമുണ്ട്. അതിന് ഇളക്കം തട്ടിയാല്‍ കാര്യങ്ങള്‍ തലകീഴ്മേല്‍ മറിയും.' സൃഷ്ടിയുടെ മകുടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ എലൈക്ട്രോണ്‍ മൈക്രോസ്ക്കോപ്പ് കൊണ്ടുപോലും കാണാന്‍ കഴിയാത്ത ഒരു കുഞ്ഞന്‍ അണുവിന്‍റെ മുമ്പില്‍ തല കുനിച്ചു നില്‍ക്കുന്നത് ഉത്തമ ഉദാഹരണമാണ്. പുല്ലിനും, പുഴുവിനും, പൂവിനും എല്ലാം ഇവിടെ സുപ്രധാനമായ സ്ഥാനമുണ്ട്. വുഹാന്‍ ചന്തയില്‍ വില്‍ക്കപ്പെടുന്ന വംശനാശപ്പട്ടികയില്‍പ്പെടുന്ന ജീവികളെ ഭക്ഷണമാക്കിയ മനുഷ്യനെ ഇപ്പോള്‍ ഒരു അണു മുള്‍മുനയില്‍ നിര്‍ത്തുന്നു. പാരസ്പരികത വിസ്മരിക്കുന്ന മനുഷ്യന് നല്‍കപ്പെടുന്ന മുന്നറിയിപ്പായിരിക്കാം കോവിഡ് 19. ഈ പ്രപഞ്ചത്തിന്‍റെ ഹരിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സമഗ്രപരാമര്‍ശമായ 'ലൗദാത്തോ സി' ലോകത്തിന്‍റെ ധ്യാനവിഷയമാകട്ടെ. ഭൂമിക്ക് അസഹ്യമായ ചൂഷണത്തിനെതിരായ പ്രതിഷേധവും കടുത്ത പ്രതികരണവുമാണോ കോവിഡ് 19?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org