മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ നവകേരളം

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ നവകേരളം

കുര്യന്‍ തൂമ്പുങ്കല്‍, ചങ്ങനാശ്ശേരി

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തോടൊപ്പം 5 വര്‍ഷം കൊണ്ട് മാലിന്യപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കുമെന്നത് സന്തോഷകരമായ കാര്യമാണ്. മാലിന്യമുക്തമായ മലയാള നാട് ഓരോ കേരളീയന്റെയും സ്വപ്നമാണല്ലോ അതിന് ഊടും പാവും നെയ്യുവാന്‍ പുതിയ ഭരണനേതൃത്വത്തിനാകട്ടെ.

മുഖ്യമന്ത്രിയെന്ന നിലയില്‍ ചരിത്രം രചിച്ച പിണറായി വിജയനു മുന്‍പിലുള്ള ഒരു വെല്ലു വിളി തന്നെയാണ് മാലിന്യമുക്തമായ കേരളമെന്നത്. കോവിഡ് മഹാമാരി സമൂഹത്തെ അടി വരയിട്ട് ഓര്‍മ്മിപ്പിക്കുന്നതും വ്യക്തി, സമൂഹ ശുചിത്വത്തിന്റെ പ്രാധാന്യം തന്നെയാണല്ലോ. കേരളത്തില്‍, നഗര വത്കരണത്തിന്റെ ഭാഗമായിട്ടാണ് മാലിന്യ നിര്‍മാര്‍ജ്ജനം പ്രശ്‌നം സൃഷിക്കുന്നത്.

ഭൂവിസ്തൃതിയുടെ പതിനാറു ശതമാനം മാത്രമാണ് കേരളത്തില്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ ടൗണ്‍ പ്രദേശങ്ങള്‍. എന്നാല്‍, അവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനവും അധിവസിക്കുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ പാക്കറ്റ് ഭക്ഷണം മുതല്‍ എല്ലാത്തരും ജൈവ അജൈവ മാലിന്യങ്ങളുടെയും കേന്ദ്രസ്ഥാനമായി നമ്മുടെ നഗരപ്രദേശങ്ങള്‍ അങ്ങനെ മാറുകയായിരുന്നു. ഇവ യഥാവിധി സംസ്‌ക്കരിക്കുവാന്‍ തയ്യാറാകാതെയും (മാര്‍ഗമില്ലാതെയും) രാത്രി സമയങ്ങളിലും മറ്റും വഴിവക്കിലും തോട്ടിലും ഓടയിലും നിക്ഷേപിച്ച് മലയാളി ആശ്വാസം കൊള്ളുന്നു! നഗരമാലിന്യത്തിന്റെ കണക്കുകള്‍ പറയുന്നത് 50% ഗാര്‍ഹിക മാലിന്യവും 11% ഹോട്ടല്‍ മാലിന്യവുമെന്നാണ്. പ്രതിദിന മാലിന്യ ഉത്പാദനം 15 വര്‍ഷം മുന്‍പുള്ളത് 8000 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് എത്രയോ അധികമായി വര്‍ദ്ധിച്ചു എന്ന് അറിയേണ്ടതുണ്ട്. ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ യഥാവിധിയായ മാലിന്യ നിവാരണത്തിന്റെ അഭാവത്തെയാണല്ലോ സൂചിപ്പിക്കുന്നത്. കൊതുക് നിവാരണത്തിന്റെ ഭാഗമായിട്ടുള്ള ഡ്രൈ ഡേ ദിനം ഇന്ന് എത്രത്തോളം വിജയമാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്. ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടെടുക്കാന്‍ മാലിന്യമുക്ത മലയാള നാട് എന്ന സ്വപ്നം സാക്ഷാത്കരിക്കണം. അതിനുള്ള കര്‍മ പരിപാടികള്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും സര്‍ക്കാരിന് ലഭിക്കുമെന്നതില്‍ സംശയമില്ല. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം കേരളത്തില്‍ ഫലപ്രദമല്ലെന്ന് വിളപ്പില്‍ശാലയും വടവാതൂരും ലലൂരും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വികേന്ദ്രികൃത സംസ്‌കരണമാണ് കേരളത്തില്‍ വിജയിക്കുക. സ്ഥല ലഭ്യതയും വലിയ പ്രശ്‌നമാണ്. അതിനാല്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ വിവിധ സാധ്യതകള്‍ നാം പ്രയോ ജനപ്പെടുത്തുകയാണ് വേണ്ടത്. വീടുകളില്‍ കമ്പോസ്റ്റിംഗ് മാതൃകകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതോടൊപ്പം, ഇന്‍സിനറേഷന്‍, ശാസ്ത്രിയമായ ലാന്‍ഡ് ഫില്ലിംഗ് സാധ്യതയും പരിഗണിക്കേണ്ടതാണ്. കേരളത്തില്‍ ഉപയോഗ രഹിതമായ ആയിരക്കണക്കിന് പാറമടകള്‍ ഉണ്ടല്ലോ, ഇവയിലൊക്കെ ശാസ്ത്രീയമായ ഫില്ലിംഗ് സാധ്യതയുണ്ടോ എന്നതും പഠിക്കേണ്ടിയിരിക്കുന്നു.

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ ഒന്നാം ഘട്ടത്തില്‍ താക്കിത് നല്‍കിയും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഏര്‍ പ്പെടുത്തിയും ശിക്ഷ ഉറപ്പ് ചെയ്യണം. കുറ്റക്കാരുടെ സംരക്ഷണത്തിനു രാഷ്ട്രീയ നേതൃത്വം ഇടപെടരുത്. ജില്ലതോറും സ്വെവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. നിരോധിച്ച 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗവും വില്പനയും നിര്‍മാണവും കര്‍ശനമായി തദ്ദേശസ്ഥാപനങ്ങള്‍ നടപ്പില്‍ വരുത്തണം. പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് കോഴിക്കോട് എന്‍ഐടി പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ 2018-ല്‍ നടത്തിയ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഇത്തരം ഗവേഷണങ്ങള്‍ വ്യവസായികമായി ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ സാധിക്കണം. എന്തായാലും ഇ മാലിന്യ സംസ്‌കരണവും പുതിയ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org