ഹാ കഷ്ടം!

ഹാ കഷ്ടം!

മലയാളഭാഷാ അദ്ധ്യാപകരെയും ഗവേഷകരെയുംകുറിച്ച് ലഭിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഭാഷാഗവേഷണത്തെയും പഠിതാക്കളെയും സന്ദര്‍ഭോചിതമല്ലാത്ത രീതിയില്‍ എഴുതിയത് മുറിവൈദ്യന്റെ ചികിത്സപോലെയായിപ്പോയി. മലയാളം ബിരുദാനന്തരബിരുദം ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥി വിശദമായി സാഹിത്യരംഗം പഠിക്കുന്നില്ലായെന്നതാണ് മാണി പയസിന്റെ ആരോപണം. ഹാ കഷ്ടം! എന്നേ ഇതിനെ വിശേഷിപ്പിക്കുവാന്‍ സാധിക്കൂ. യൂണി വേഴ്‌സിറ്റികളില്‍ സിലബസ് തയ്യാറാക്കുന്നവര്‍ ഒരു പ്രത്യേകഭാഗം പഠനത്തിനായി സിലബസില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഈ ഭാഗം മാത്രമല്ല പഠിക്കേണ്ടത് എന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അക്കാലഘട്ടത്തിലെ ഭാഷയുടെ പ്രത്യേകതയും സവിശേഷതകളും വിശദമായി മനസ്സിലാക്കുവാനും സമകാലികരായ ഇതര സാഹിത്യകാരന്മാരെയും സാഹിത്യരംഗങ്ങളെയും കൃതികളെയും പരിചയപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സിലബസ് തയ്യാറാക്കുന്നത്. അത് തിരിച്ചറിയാതെ സിലബസിനെ മാത്രം വീക്ഷിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള അപചയം സംഭവിക്കും. കാരണം ചുരുങ്ങിയ നാല് സെമസ്റ്ററുകളിലായി മലയാളഭാഷയുടെ ആദ്യന്തം പഠിക്കേണ്ടിവരുന്ന ബിരുദാനന്തര വിദ്യാര്‍ത്ഥിക്ക് ഭാഷയുടെ വികാസ പരിണാമങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ മാറ്റങ്ങളെയും പഠിച്ചുതീര്‍ക്കുവാന്‍ ഈ ഒരായുസുകൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല.
ഗവേഷണരംഗത്തെ അപചയം എന്ന് പറഞ്ഞു കൊണ്ടു ഗവേഷണത്തെയും ഗവേഷകരേയും ഇകഴ്ത്തി കാട്ടുന്നതിലുള്ള ആന്തരിക സുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഉത്താരാധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് യു.ജി.സി ഗവേഷണ മാര്‍ഗ ദര്‍ശനം നല്‍കുന്നത്. അതില്‍ ഗവേഷണം നടത്തുകയെന്നത് അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. യു.ജി.സി. അംഗീകരിച്ച് എഴുത്തുപരീക്ഷയെയും വാചികപരീക്ഷയെയും അഭിമുഖീകരിക്കുകയും വിജയിക്കുകയും വേണം. അതുകൊണ്ടും തീരുന്നില്ല. വിഷയാസ്പദമായ മാര്‍ഗദര്‍ശിയെ കണ്ടെത്തേണ്ടതും വലിയൊരു കടമ്പയാണ്. കാരണം യൂണിവേഴ്‌സിറ്റി അംഗീകരിച്ച കോളേജുകളില്‍ യുജിസി മാനദണ്ഡമുള്ള മാര്‍ഗദര്‍ശികള്‍ പരിമിതമാണ്.
ഇത്രയും കടമ്പകളിലൂടെ കടന്നുപോകുന്ന ഭാഷാ ഗവേഷകവിദ്യാര്‍ത്ഥിക്ക് ആ വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലായെന്ന മാണി പയസിന്റെ കണ്ടെത്തല്‍ അജ്ഞതയോ അതോ അവിവേകമോ എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

സുബിന്‍ ജോസ് കെ
ഗവേഷകന്‍, സെന്റ് തോമസ് കോളജ്, പാലാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org