വൈദിക സന്യസ്ത ശുശ്രൂഷ

വൈദിക സന്യസ്ത ശുശ്രൂഷ

ലക്കം 33-ല്‍ റവ. ഫാ. ലൂക്ക് പൂതൃക്കയില്‍ എഴുതിയ കത്തിനോടു പൂര്‍ണമായും യോജിക്കുന്നു. ഈശോ തുടങ്ങിവച്ച അജ പാലന ശുശ്രൂഷ പൂര്‍ത്തീകരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട അജപാലകര്‍ക്ക് ആ ദൗത്യത്തോടു നൂറു ശതമാനം നീതി പുലര്‍ത്താന്‍ ഇന്നു സാധിക്കുന്നുണ്ടോ? വൈദിക സന്യസ്ത ശുശ്രൂഷാ മേഖലകളിലെ കുറവുകളും അപാകതകളും, ഈ കാലഘട്ടത്തില്‍ വരുത്തേണ്ട മാറ്റങ്ങളും നല്ല നിരീക്ഷണവും ഗവേഷണവും നടത്തി സത്യസന്ധമായി വ്യക്തതയോടെ അവതരിപ്പിച്ചതിനു പൂതൃക്കയിലച്ചനു പ്രത്യേകം അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ കത്തിലെ അന്തഃസത്ത മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ സഭാനേതൃത്വവും ബന്ധപ്പട്ടവരും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നമ്മുടെ സഭ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമായിരുന്നു.

ഫാ. ലൂക്കിന്റെ കത്തിലേക്ക് സഭാ നേതൃത്വത്തിന്റെ മഹനീയ ശ്രദ്ധപതിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുകയാണ്. അതിലൂടെ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായി സഭ കൂടുതല്‍ പുഷ്ടിപ്പെടട്ടെ. ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍ ഈശോയോടൊപ്പമായിരിക്കാന്‍, തങ്ങള്‍ക്കു ലഭിക്കുമായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച സമര്‍പ്പിതര്‍ക്ക് ഇന്നു കുറച്ചു നേരമെങ്കിലും നാഥനോടൊപ്പം ആയിരിക്കാന്‍ ലൗകികമായ ജോലിഭാരവും മറ്റു തിരക്കുകളും അനുവദിക്കുന്നില്ല. അതിനുള്ള പോംവഴി തീര്‍ച്ചയായും കണ്ടെത്തേണ്ടിയിരിക്കുന്നു.

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org