ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി
(ഐകരൂപ്യം സത്തയില്‍ മാത്രം)
''ആരാധനക്രമത്തില്‍ പോലും വിശ്വാസമോ, പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങളില്‍, കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല'' (ആരാധനക്രമം നമ്പര്‍ ഡി 37).
''കാര്‍ക്കശ്യം അരുത്.'' രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സുശക്തവും, സുപ്രധാനവുമായ താക്കീതും, മുന്നറിയിപ്പും, മേലില്‍ സ്വീകരിക്കേണ്ട നയവുമാണ് ഇത്. കൂടാതെ ഭാവികാലത്തേക്കുള്ള മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഒരു മുന്നറിയിപ്പുകൂടിയാണ്. പൂര്‍വകാല ചരിത്ര സംഭവങ്ങള്‍, ഈ ഒരു പ്രഖ്യാപനത്തിന് ശക്തമായ പ്രേരണയായിട്ടുണ്ട്.
കാരണം, സഭാചരിത്രത്തിലെ കറുത്ത ഏടുകള്‍ എല്ലാം തന്നെ കാര്‍ക്കശ്യത്തിന്റെ അനന്തരഫലങ്ങളാണ്. ഒരു വലിയ ചരിത്രജ്ഞാനിയായ 23-ാം യോഹന്നാന്‍ മാര്‍പാപ്പയുടെ പൂര്‍വകാലത്തേക്കുള്ള തിരിഞ്ഞുനോട്ടമാണ്, 'ജനലുകളും, വാതിലുകളും തുറക്കുക, അശുദ്ധവായു പുറത്തുപോകട്ടെ' എന്ന് പ്രഖ്യാപിക്കുവാന്‍ പ്രേരിപ്പിക്കപ്പെട്ടതും, ഇതേ ലക്ഷ്യത്തിനുവേണ്ടി ഒരു സാര്‍വത്രിക സൂനഹദോസ് പ്രഖ്യാപിക്കയും, സംഘടിപ്പിക്കുകയും ചെയ്തത്.
സൂനഹദോസിലെ നാലായിരത്തോളം പിതാക്കന്മാര്‍ ഒരുമിച്ചിരുന്ന് സഭാ ചരിത്രത്തിലേക്ക് എത്തിനോക്കിയപ്പോള്‍ 23-ാം യോഹന്നാന്‍ മാര്‍പാപ്പയുടെ മുന്നറിയിപ്പുകളുടെ അര്‍ത്ഥം വ്യക്തമായി മനസ്സിലാക്കി. സൂനഹദോസുകള്‍ എല്ലാം തന്നെ അധികാര കേന്ദ്രീകൃതവും, വ്യക്തിപരിഗണന കൂടാതെയുള്ള അനാത്തമയുടെയും, മഹറോന്റെയും, നയമായിരുന്നു. അധികാരത്തിന്റെയും ആധികാരികത്വത്തിന്റേതുമായ കാര്‍ക്കശ്യ സമീപനമാണ് സഭയില്‍ മുറിവുകളും, വേര്‍പെടലുകളും ഉണ്ടാക്കിയതും, അവ ക്രമേണ പല സഭാവിഭാഗങ്ങളായി രൂപപ്പെടുവാന്‍ കാരണമായതും. ഈ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലായിരുന്നു തുടര്‍ന്നുള്ള പിതാക്കന്മാരുടെ പ്രവര്‍ത്തനശൈലികള്‍.
സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ നടപടികളാണ് എന്ന അപരാധബോധം, തിരുത്തല്‍ നടപടിയിലേക്ക്, സൂനഹദോസും, തുടര്‍ന്നുവന്ന പിതാക്കന്മാരും സ്വീകരിച്ചത്. വേര്‍പെട്ടുപോയവരെ ഈ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ചുവിളിക്കുവാനുള്ള പിതാക്കന്മാരുടെ സംഘടിത പരിശ്രമമാണ് എക്യുമെനിസം എന്ന ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചതും ഈ വിഷയത്തെ വിശദീകരിച്ച്, ഒരു പ്രമാണരേഖ പോലും പ്രസിധപ്പെടുത്തിയതും.
കൗണ്‍സിലിനു ശേഷം, മാര്‍പാപ്പമാര്‍ വേര്‍പെട്ടുപോയ സഭാധികാരികളെ സന്ദര്‍ശിക്കുകയും പരസ്പര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതും. അധികാരത്തിന്റെയും ആധികാരികത്വത്തിന്റെയും അധിപ്രസരം മൂലം സഭയ്ക്ക് സംഭവിച്ച ഏറ്റം ദുഃഖകരമായ സംഭവങ്ങള്‍, ഇനി ഒരിക്കലും ഉണ്ടാകരുതേ എന്ന പ്രഖ്യാപനമായിരുന്നു ഇതിന്റെയൊക്കെ ലക്ഷ്യം. ഈ ബോധ്യത്തിനും, ഏറ്റു പറച്ചിലിനും എതിരായ ഒരു നടപടിക്രമമാണ് ഇന്ന് സീറോ മലബാര്‍ സഭയിലെ ദുഃഖകരമായ സ്ഥിതിവിശേഷങ്ങള്‍ക്ക് കാരണം. ജനാഭിമുഖ കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ അറുപത് കൊല്ലമായി.
ഇന്നും അത് 99% വൈദികരുടെയും, വിശ്വാസികളുടേയും ഹൃദയാഭിലാഷമാണ്. അതുകൊണ്ട് അതു തുടരുവാനുള്ള അനുവാദത്തിനായി അധികാരികളുടെ മുമ്പില്‍ യാചനാരൂപത്തില്‍ നില്‍ക്കുമ്പോള്‍ അവരെ വിമതരെന്നും അനുസരണയില്ലാത്തവരെന്നും ആക്ഷേപിക്കുന്ന തരത്തിലുള്ള നിഷേധാത്മകമായ സമീപനം കൗണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള അവഗണനയാണ്. ഇനിയും സഭയില്‍ മുറിവുകള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും ഇത് കാരണമാവുകയേ ഉള്ളൂ. അതുകൊണ്ട് കൗണ്‍സിലിന്റെ ഈ ശക്തമായ മുന്നറിയിപ്പ് പിതാക്കന്മാരുടെ വളരെ ഗൗരവമായ പരിഗണനയ്ക്ക് കാരണമാകട്ടെ. പിതാവിന്റെ ഐക്യത്തിനുള്ള മുറവിളി വ്യര്‍ഥമാകാതിരിക്കട്ടെ.